തിരുവനന്തപുരം | ഇടതുപക്ഷ സര്‍ക്കാരിനെതിരേ സാംസ്‌കാരിക നായകര്‍ പ്രതികരിക്കില്ലെന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹരിസിച്ചിട്ടുള്ളതാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ഇടത് സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലെല്ലാം സാംസ്‌കാരിക നായകപ്പട്ടമുള്ളവര്‍ മിണ്ടുന്നത് വിരളമാണ്. ഇപ്പോള്‍ മാസങ്ങളായി സമരരംഗത്തുള്ള ആശമാര്‍ക്കുവേണ്ടി അഭിപ്രായം പറഞ്ഞിരിക്കയാണ് ഇടതുസഹയാത്രികനും കവിയും കേരള സാഹിത്യ അക്കാഡമി ചെയര്‍മാനുമായ സച്ചിദാനന്ദന്‍.

ആശമാരുടെ സമര വിഷയത്തില്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് സി.ഇ.ഒമാരുടെ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും സ്ത്രീകളാണ് സമരം ചെയ്യുന്നതെന്ന പരിഗണന പോലും കൊടുക്കുന്നില്ലെന്നാണ് സച്ചിദാനന്ദന്‍ വിമര്‍ശിച്ചത്. ആശാ സമരത്തോട് വലത് ഫാസിസ്റ്റുകളുടെ ഭാഷയാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.

പാവപ്പെട്ട സ്ത്രീകളോടെ ഡല്‍ഹിയില്‍ പോയി സമരം ചെയ്യാന്‍ പറയുന്നത് മോശമാണ്. ചെറിയ വേതന വര്‍ദ്ധനവ് നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കണമെന്നും സച്ചിദാനന്ദന്‍ വീഡിയോ സന്ദേശത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആശാ സമരത്തെ കേരളം ചര്‍ച്ചചെയ്യുമ്പോള്‍ സാംസ്‌കാരിക നായകരുടെ മൗനം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സച്ചിദാനന്ദന്‍ ആശമാര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. മുമ്പ് ഇടതുപക്ഷം ഇനി അധികാരത്തിലെത്തരുതെന്നും എന്നാല്‍ ബംഗാളിലെ അവസ്ഥ ഉണ്ടാകുമെന്നും പറഞ്ഞ സച്ചിദാനന്ദന്‍ പിറ്റേന്ന് നിലപാട് മാറ്റിയിരുന്നു. ആശാ സമരത്തോടുള്ള അഭിപ്രായവും ഇനി മാറ്റിപ്പറയുമോയെന്ന് കണ്ടുതന്നെ അറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here