തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വമ്പന്‍തിരിച്ചടി സമ്മാനിച്ചത് പരമ്പരാഗതവോട്ടുബാങ്കായ ഈഴവസമുദായത്തിന്റെ പിന്‍തുണ നഷ്ടപ്പെട്ടതാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. മുസ്‌ളിംപ്രീണനമെന്ന ആരോപണവും സിപിഎമ്മിനെതിരേ ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷം ആധുമാക്കി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനമായി കേരളം മാറിയതോടെ ഭരണം നിലനിര്‍ത്തുക എന്ന അജന്‍ഡയിലൂന്നിയാണ് പുതിയ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും. കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും തകര്‍ക്കുകയും മുസ്‌ളിംപ്രീണന ആരോപണത്തില്‍ നിന്നും അകന്നുനില്‍ക്കുകയും ചെയ്യുക എന്ന നിലപാട് ആദ്യം പ്രാവര്‍ത്തികമാക്കിയതും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. മലപ്പുറത്തിനെതിരേ വര്‍ഗീയപരാമര്‍ശം നടത്തിയെന്നും വെള്ളാപ്പളളിക്കെതിരേ കേസെടുക്കണമെന്നും മുസ്ലിംസംഘടകള്‍ അടക്കം പരാതിപ്പെടുന്നതിനിടെയാണ് ചേര്‍ത്തലയില്‍ വെള്ളാപ്പള്ളിയെ പൂര്‍ണ്ണമായും പിന്‍തുണച്ചുകൊണ്ട് മുഖ്യമന്ത്രി എത്തിയത്.
ഏതെങ്കിലും മതത്തിനെതിരേ നിലപാടു സ്വീകരിക്കുന്ന ആളല്ല വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയുള്ള പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നൂ മുഖ്യമന്ത്രിയുടെ പ്രസംഗം.
എസ്.എന്‍.ഡി.പി. യോഗം, എസ്.എന്‍. ട്രസ്റ്റ് നേതൃത്വങ്ങളില്‍ മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നതിനു ചേര്‍ത്തല എസ്.എന്‍.ഡി.പി. യൂണിയന്‍ ഒരുക്കിയ മഹാസംഗമം ശ്രീനാരായണ മെമ്മോറിയല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരടക്കം പങ്കെടുത്ത ചടങ്ങില്‍ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ആദരിച്ചു. വീണ്ടും പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി വരുമെന്ന് പറഞ്ഞ് വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തു.
നഷ്ടപ്പെട്ട ഈഴവവോട്ടുകള്‍ തിരികെ എത്തിക്കാനുള്ള ദൗത്യത്തിന്റെ ആദ്യപടിയായിവേണം ഈ നീക്കത്തെ കണക്കാന്‍. കോണ്‍ഗ്രസ് തിരികെ ഭരണത്തില്‍ എത്താതിരിക്കാന്‍ മലപ്പുറത്ത് മുസ്ലിംലീഗിനുള്ള ശക്തി ക്ഷയിക്കുന്നതും സിപിഎമ്മിന് ഗുണകരമാകും. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം മറ്റു സമുദായങ്ങള്‍ക്ക് നല്‍കാത്തതിനു പിന്നില്‍ ലീഗുകാരാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു. ഈ വിഷയത്തില്‍ സിപിഎം മൗനം പാലിച്ച് മുന്നോട്ടുപോകുന്നതും ലീഗിനെ കരിനിഴലില്‍ നിര്‍ത്തുന്നതും ഉചിതമെന്നാണ് സിപിഎം നേതാക്കള്‍ വിലയിരുത്തുന്നതും. വെള്ളാപ്പള്ളിക്കെതിരേ കടുത്തഭാഷയില്‍ രംഗത്തുവരാന്‍ ലീഗ് നേതാക്കളോ കോണ്‍ഗ്രസുകാരോ തയ്യാറായിട്ടുമില്ല. പ്രതികരിച്ച് ഈ വിഷയം ചര്‍ച്ചയാക്കിയാല്‍ അത് ബിജെപിക്കും അതിലൂടെ സിപിഎമ്മിനും വമ്പന്‍ നേട്ടമാകുമെന്ന് അറിയാവുന്നതില്‍ ത്രിശങ്കുവിലാണ് കോണ്‍ഗ്രസ് പാളയം.