തിരുവനന്തപുരം: മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ റിമാന്‍ഡിലായ പി.സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍കോളജ് കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇസിജി വേരിയേഷനെ തുടര്‍ന്നാണ് പി സി ജോര്‍ജിനെ ഇന്നലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും. ഒരു ചാനല്‍ ചര്‍ച്ചിക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തിലാണ് പി.സി. ജോര്‍ജ് അറസ്റ്റിലായത്. ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി സി ജോര്‍ജിനെ ഇന്നലെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് അയച്ചത്. ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഇസിജിയില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാര്‍ജിയോളജി ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. നാളെ വീണ്ടും ജോര്‍ജ് ജാമ്യാപേക്ഷ നല്‍കും.