ന്യൂഡല്‍ഹി | ദുബായിലെ ഒരു ബേക്കറിയില്‍ 2 തെലങ്കാന സ്വദേശികളെ പാകിസ്ഥാന്‍ യുവാവ് വെട്ടിക്കൊന്നു. സഹപ്രവര്‍ത്തകരായ മറ്റ് രണ്ടു തെലങ്കാന സ്വദേശികള്‍ക്ക് പരുക്കേറ്റു. ഈ മാസം 11 നാണ് സംഭവം നടന്നത്. കേന്ദ്രമന്ത്രിയും ബിജെപി തെലങ്കാന പ്രസിഡന്റുമായ ജി. കിഷന്‍ റെഡ്ഡി ഈ സംഭവം ഔദ്യോഗികമായി സ്ഥിതീകരിച്ച് എക്‌സില്‍ പോസ്റ്റിട്ടിട്ടുണ്ട്.
”തെലങ്കാന നിര്‍മ്മല്‍ ജില്ലയിലെ അഷ്ടപു പ്രേംസാഗറിനെയും നിസാമാബാദ് ജില്ലയിലെ ശ്രീനിവാസിനെയും ദുബായില്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടിച്ചു. വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ ജിയോട് ഈ വിഷയത്തില്‍ സംസാരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക് എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. വിഷയത്തില്‍ വേഗത്തിലുള്ള നീതി ഉറപ്പാക്കുന്നതിനും വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കും.” – ഇതായിരുന്നു ജി. കിഷന്‍ റെഡ്ഡി കുറിച്ചത്.
മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന്, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ബര്‍ ദുബായ് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മതപരമായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കുറ്റകൃത്യം മുന്‍കൂട്ടി തയ്യാറാക്കിയ കൊലപാതകമായി രജിസ്റ്റര്‍ ചെയ്തതായി ദുബായ് പോലീസ് ഔദ്യോഗികമായി അറിയിച്ചു. മൃതദേഹങ്ങള്‍ ഉടന്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അന്വേഷണത്തില്‍ പൂര്‍ണ്ണ സഹകരണം നല്‍കാനും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രാദേശിക അധികാരികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.