ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസം പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ തീവ്രവാദികളുടെ ഫോട്ടോയും രേഖാചിത്രങ്ങളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. നിരോധിത ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ അംഗങ്ങളാണിവര്‍. ആസിഫ് ഫുജി, സുലെമാന് ഷാ, അബു തല്‍ഹ എന്നീ മൂന്ന് ഭീകരരെയാണ് തിരിച്ചറിഞ്ഞത്.
ദിവസങ്ങള്‍ക്ക് മുമ്പ് താഴ്വരയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാന് ഭീകരരും സംഘത്തിലുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരന്‍ ലഷ്കര്‍-ഇ-തൊയ്ബ കമാന്‍ഡറായ ഖാലിദ് എന്ന സൈഫുള്ള കസൂരിയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സമീപ വര്‍ഷങ്ങളില്‍ കശ്മീരില്‍ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നാണ് നടന്നത്. താഴ്വരയെ ചുറ്റിപ്പറ്റിയുള്ള ഇടതൂര്‍ന്ന പൈന്‍ വനത്തില്‍ നിന്ന് കാമഫ്ലേജ് വസ്ത്രങ്ങളും കുര്‍ത്ത-പൈജാമകളും ധരിച്ച കുറഞ്ഞത് 5-/6 ഭീകരര്‍ ബൈസരന്‍ പുല്മേട്ടിലെത്തി എകെ-47 ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
സുരക്ഷാ സേന വന്‍തോതിലുള്ള ഭീകരവിരുദ്ധ ഓപ്പറേഷന് ആരംഭിക്കുകയും വനമേഖല മുതലെടുത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ കണ്ടെത്താന്‍ ഹെലികോപ്റ്ററുകള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.