കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും ഒവൈസി
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ ഇന്ത്യ സ്വീകരിക്കുന്ന ഏതു നടപടിയെയും പിന്‍തുണയ്ക്കുമെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) മേധാവി അസദുദ്ദീന്‍ ഒവൈസി. പാകിസ്ഥാനെതിരെ നിര്‍ണായകവും നിയമപരവുമായ നടപടി സ്വീകരിക്കണമെന്നും കശ്മീരികള്‍ക്കെതിരായ തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ അദ്ദേഹം സ്വാഗതം ചെയ്തു. പക്ഷേ വഴിതിരിച്ചുവിട്ട വെള്ളത്തിന്റെ സംഭരണത്തെയും മാനേജ്‌മെന്റിനെയും കുറിച്ചുള്ള ചോദ്യം ഉന്നയിക്കുകയും ചെയ്തു.
പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേടില്‍ 25 ഇന്ത്യന്‍ പൗരന്മാരെയും ഒരു നേപ്പാളി പൗരനെയും കൊലപ്പെടുത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന്,
കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നൂ പ്രതികരണം.
”തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അഭയം നല്‍കുന്ന രാജ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയും. പാകിസ്ഥാനെതിരെ സ്വയം പ്രതിരോധത്തിനായി വ്യോമ, നാവിക ഉപരോധം നടത്താനും ആയുധ വില്‍പ്പനയില്‍ പാകിസ്ഥാന് ഉപരോധം ഏര്‍പ്പെടുത്താനും അന്താരാഷ്ട്ര നിയമം നമ്മെ അനുവദിക്കുന്നു… ബൈസാരന്‍ പുല്‍മേട്ടില്‍ സിആര്‍പിഎഫിനെ വിന്യസിക്കാത്തത് എന്തുകൊണ്ട്?… ക്വിക്ക് റിയാക്ഷന്‍ ടീം അവിടെ എത്താന്‍ ഒരു മണിക്കൂര്‍ എടുത്തു, അവര്‍ അവരുടെ മതം ചോദിച്ച് ആളുകളെ വെടിവച്ചു… കശ്മീരികള്‍ക്കും കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കുമെതിരായ തെറ്റായ പ്രചാരണം അവസാനിപ്പിക്കണം… തീവ്രവാദികള്‍ അവരുടെ മതം ചോദിച്ച് ആളുകളെ കൊന്ന രീതിയെ ഞാന്‍ അപലപിക്കുന്നു… സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചത് വളരെ നല്ലതാണ്, പക്ഷേ ഞങ്ങള്‍ വെള്ളം എവിടെ സൂക്ഷിക്കും?… കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും ഞങ്ങള്‍ പിന്തുണയ്ക്കും… ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല…’ – അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.