ന്യൂഡല്‍ഹി | അഹമ്മദാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ കോണ്‍ഗ്രസില്‍ മാറ്റമുണ്ടാക്കുമോയെന്ന ആകാംഷയിലാണ് പ്രവര്‍ത്തകര്‍. രാജ്യത്തിനുവേണ്ടി ജീവിച്ച ദേശീയ നേതാക്കളെ സ്വന്തമാക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഗൂഢാലോചന നടത്തുകയാണെന്നായിരുന്നൂ ഖാര്‍ഗെ ചൂണ്ടിക്കാട്ടിയത്.
സ്വാതന്ത്ര്യസമരത്തില്‍ ഒരു സംഭാവനയുമില്ലാത്ത സംഘപരിവാര്‍ പട്ടേല്‍ അടക്കമുള്ള ദേശീയനേതാക്കളെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും അതിനുവേണ്ടി ചെയ്യുന്ന നീക്കങ്ങള്‍ പരിഹാസ്യമാണെന്നും ഖാര്‍ഖെ കുറ്റപ്പെടുത്തി.
സര്‍ദാര്‍ പട്ടേലിനു കോണ്‍ഗ്രസ് അര്‍ഹമായ ബഹുമാനം നല്‍കിയില്ലെന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റയും വ്യാജ പ്രചരണം രാജ്യത്ത് നടക്കുകയാണ്. 140 വര്‍ഷമായി രാജ്യത്തെ സേവിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ്. മഹത്തായ ചരിത്രമുള്ള ഈ പാര്‍ട്ടിക്കെതിരേ രാജ്യത്ത് ബിജെപിയും ആര്‍എസ്എസും മറ്റൊരു അന്തരീക്ഷമാണ് ഒരുക്കിയെടുക്കുന്നതെന്നും ഖാര്‍ഖെ ഓര്‍മ്മപ്പെടുത്തി. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളെ എങ്ങനെ നേരിടണമെന്ന പദ്ധതി കോണ്‍ഗ്രസ് കണ്ടെത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് അതിജീവനസാധ്യതയുള്ളൂവെന്നതാണ് വസ്തുതയും.