കൊച്ചി | കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത തൊഴില്‍പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. കൊച്ചിയിലെ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്സില്‍ നടന്ന ക്രൂരമായ തൊഴില്‍പീഡനമാണ് പുറത്തുവന്നത്. ടാര്‍ഗറ്റ് തികക്കാന്‍ സാധിക്കാത്തവരെ നായയുടെ ബെല്‍റ്റ് കഴുത്തില്‍ കെട്ടി, മുട്ടില്‍ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ജീവനക്കാരെ നഗ്നരാക്കി തല്ലുകയും പട്ടിണിക്കിടുകയും ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പുറത്ത് വന്നതിന് പിന്നാലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് ഉടമ ജോയ് ജോസഫിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇയാളെ കണ്ടെത്താനായിട്ടില്ല.
കൊച്ചി കലൂര്‍ ജനതാ റോഡിലെ ശാഖയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയായില്‍ നിറഞ്ഞത്. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത തൊഴിലാളികള്‍ക്ക് ക്രൂരമായ ശിക്ഷകളാണ് നേരിടേണ്ടി വരികയെന്ന് ജീവനക്കാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വീടുകളില്‍ ഉല്‍പ്പന്നങ്ങളുമായി വില്‍പ്പനയ്ക്ക് എത്തുന്ന യുവാക്കളാണ് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സില്‍ പ്രധാനമായും ജോലി ചെയ്യുന്നത്. ആറ് മാസത്തെ ട്രെയിനിംഗ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം.