ന്യൂഡൽഹി | സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ മുതലാളിയെ ലിഫ്റ്റിൽ കയറ്റിയില്ല. സൊമാറ്റോയുടെ ഡെലിവറി എക്സിക്യൂട്ടീവായി എത്തിയ തന്നെ ഗുരുഗ്രാമിലെ മാളിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയെന്ന് ആരോപിച്ച് കമ്പനിയുടെ സിഇഒ ദീപീന്ദർ ഗോയൽ രംഗത്ത്. ഡെലിവറി എക്സിക്യുട്ടീവുകൾ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണെന്ന് അറിയാനാണ് ഗോയലും ഭാര്യ ഗ്രെസിയ മുനോസും ഭക്ഷണ വിതരണം നേരിട്ടു ചെയ്യാനിറങ്ങിയത്. ഗുരുഗ്രാമിലെ ആംബിയൻസ് മാളിലായിരുന്നു സംഭവം.
‘‘എന്റെ രണ്ടാമത്തെ ഓർഡറിലാണു സംഭവം. ഡെലിവറി ഏജന്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാളുകളുമായി കുറച്ചുകൂടി അടുത്ത് പ്രവർത്തിക്കണമെന്നു മനസ്സിലായി. ഡെലിവറി പാർട്നർമാരോട് മാളുകൾ കുറച്ചുകൂടി മനുഷ്യത്വത്തോടെ ഇടപെടണം’’ – വിഡിയോയ്ക്കൊപ്പം എക്സിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
‘‘ഹൽദിറാമിൽനിന്നുള്ള ഓർഡർ എടുക്കുന്നതിനായി ആംബിയൻസ് മാളിലെത്തിയപ്പോൾ മറ്റൊരു പ്രവേശന കവാടം വഴി കയറാനാണ് അവർ പറഞ്ഞത്. പിന്നീടാണ് പടികൾ കയറിപ്പോകാനാണ് അവർ ആവശ്യപ്പെട്ടതെന്ന് വ്യക്തമായത്. ഡെലിവറി പാർട്നർമാർക്കുവേണ്ടി പ്രത്യേക ലിഫ്റ്റ് ഉണ്ടോയെന്ന് അറിയാനായി ഒരിക്കൽക്കൂടി പ്രധാന കവാടം വഴി കയറിനോക്കി.
മാളിനുള്ളിൽ ഡെലിവറി പാർട്നർമാർക്ക് കടക്കാനാകില്ലെന്നും പടികളിൽ കാത്തിരിക്കണമെന്നും പടികൾ കയറി മൂന്നാം നിലയിലെത്തിയപ്പോഴാണു വ്യക്തമായത്. കോണിപ്പടികളിൽനിന്ന് സുരക്ഷാ ജീവനക്കാരൻ മാറിയപ്പോഴാണ് ഓർഡർ നൽകിയ ഭക്ഷണം എടുക്കാൻ സാധിച്ചത്’’ – അദ്ദേഹം കുറിച്ചു. അതേസമയം, മാളുകൾ മാത്രമല്ല, വിവിധ സൊസൈറ്റികളും പ്രധാന ലിഫ്റ്റ് ഉപയോഗിക്കാൻ ഡെലിവറി പാർട്നർമാരെ അനുവദിക്കാറില്ലെന്ന് പലരും ഗോയലിന്റെ എക്സിലെ കുറിപ്പിൽ മറുപടിയിട്ടിരുന്നു.