ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ സുരക്ഷ കേന്ദ്രം വര്‍ദ്ധിപ്പിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) ‘ഇസഡ്’ കാറ്റഗറി സായുധ സംരക്ഷണത്തിലുള്ള ജയ്ശങ്കറിന്റെ വാഹനവ്യൂഹത്തില്‍ ഇപ്പോള്‍ ഒരു അധിക ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉണ്ടാകും.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള ഇന്ത്യന്‍ സൈനിക നടപടിക്ക് ശേഷമുള്ള ഭീഷണി വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ദേശീയ സുരക്ഷയിലും വിദേശനയത്തിലും ഉള്‍പ്പെട്ട മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഭീഷണി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് തീരുമാനം. 2024 ഒക്ടോബറില്‍ ജയ്ശങ്കറിന്റെ സുരക്ഷ ‘വൈ’ യില്‍ നിന്ന് ‘ഇസഡ്’ കാറ്റഗറിയിലേക്ക് ഉയര്‍ത്തിയിരുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷാ, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, ആത്മീയ നേതാവ് ദലൈലാമ എന്നിവരുള്‍പ്പെടെ സിആര്‍പിഎഫ് സംരക്ഷണത്തിലുള്ള 210-ലധികം ഉന്നത വ്യക്തികളില്‍ ജയ്ശങ്കറും ഉള്‍പ്പെടുന്നു. പാകിസ്ഥാനെതിരായ ഓപ്പറേഷന് സിന്ദൂരിന് ശേഷം ഇന്ത്യയുടെ നയതന്ത്ര നിലപാടിന്റെ ഒരു പ്രധാന മുഖമായിരുന്നു 69 കാരനായ ഇഎഎം ജയശങ്കര്‍.