ബിഹാര്‍| ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച പട്‌നയില്‍ നടക്കും.
നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, രാജ്യസഭാ, ലോക്‌സഭാ എന്നീ നാലു സഭകളിലും അംഗമായിരുന്നെന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് സുശീല്‍ മോദി. നിതീഷ്‌കുമാര്‍ നയിച്ച ജെഡിയു – ബിജെപി സഖ്യസര്‍ക്കാരുകളില്‍ 2005-13, 2017-20 കാലത്താണ് സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായിരുന്നത്.
ഉപമുഖ്യമന്ത്രി സ്ഥാനം വഹിക്കുന്നതിനോടൊപ്പം ധനകാര്യ വകുപ്പും കൈകാര്യം ചെയ്തിരുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ്, ബിഹാര്‍ സംസ്ഥാന അധ്യക്ഷന്‍ എന്നീ പദവികളും വഹിച്ചു. ബിഹാര്‍ രാഷ്ട്രീയത്തില്‍ മൂന്നു പതിറ്റാണ്ടായി നിറഞ്ഞു നിന്ന സുശീല്‍ മോദി, ബിജെപിയുടെ സൗമ്യമുഖമായിരുന്ന. കോട്ടയം പൊന്‍കുന്നം അഴീക്കല്‍ കുടുബാംഗമായ ജെസി ജോര്‍ജാണ് സുശീലിന്റെ ഭാര്യ. മക്കള്‍: ഉത്കര്‍ഷ്, അക്ഷയ്.