ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാഗ്ദാനം നിറവേറിയെന്ന് ബിജെപി: എം.പി. സംബിത് പത്ര പറഞ്ഞു. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശത്രുവിന് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള പ്രതികാരം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തിരുന്നുവെന്നും, ഇന്ത്യന്‍ സായുധ സേന അവരുടെ വാഗ്ദാനം നിറവേറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പ്രധാനമന്ത്രി മോദിയുടെ തീരുമാനവും നമ്മുടെ സായുധ സേനയുടെ ധീരതയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നുവീഴാന്‍ കാരണമായി. ഏപ്രില്‍ 22 മുതല്‍ മെയ് 7 വരെ രാജ്യത്ത് പിരിമുറുക്കത്തിന്റെ അന്തരീക്ഷം ഉണ്ടായിരുന്നു; ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മുന്‍കാലങ്ങളില്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തിയിരുന്നെങ്കിലും, പാകിസ്ഥാന് എപ്പോള്‍ ആക്രമിക്കപ്പെടുമെന്ന് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല” – സാംബിത് പത്ര പറഞ്ഞു.
‘അജയ്യമായ ധൈര്യം’ കാണിച്ചതിനും ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിപ്പിച്ചതിനും ഇന്ത്യന്‍ സേനയെയും അദ്ദേഹം പ്രശംസിച്ചു.
‘ഒരു രാജ്യം ആണവായുധങ്ങളുള്ള ഒരു രാഷ്ട്രത്തിനുള്ളില്‍ ആഴത്തില്‍ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്. സിന്ധു നദീ ജലം വിച്ഛേദിക്കപ്പെട്ടാല്‍, പാകിസ്ഥാന്റെ ജിഡിപി നാലിലൊന്നായി കുറയും. പാകിസ്ഥാന് ഈ വെള്ളം നഷ്ടപ്പെട്ടാല്‍, അവരുടെ സ്ഥിതി കൂടുതല്‍ വഷളാകും, അവരുടെ കൃഷിയെ ബാധിക്കും’ – ബിജെപി എംപി പറഞ്ഞു.