ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ ഒന്നിലധികം സെക്ടറുകളില്‍ പാകിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി 12-ാം ദിവസവും പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടരുന്നതിനാല്‍ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) സംഘര്‍ഷം രൂക്ഷം. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ എന്നീ എട്ട് സെക്ടറുകളില്‍ ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടി നടത്തുകയാണ്.

രണ്ടാഴ്ചയ്ക്കുള്ളില്‍ പാകിസ്ഥാന്‍ ഭാഗത്തുനിന്നുള്ള 49-ാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇന്നലെ നടന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ (യുഎന്‍എസ്സി) വിലയിരുത്തി. പഹല്‍ഗാം ഭീകരാക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നത്.

ജമ്മുവിലുടനീളമുള്ള എല്ലാ ക്ഷേത്രങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സുപ്രധാന സ്ഥാപനങ്ങളിലും ൈസന്യം സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജമ്മു വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കി. നിര്‍ണായക മേഖലകളിലേക്ക് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേന (സിആര്‍പിഎഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) എന്നിവയില്‍ നിന്നുള്ള അധിക ഉദ്യോഗസ്ഥരെ അധികൃതര്‍ വിന്യസിക്കുകയും ചെയ്തു.

ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് എല്ലാ ജയിലുകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുപ്രസിദ്ധ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലും ജമ്മുവിലെ കോട് ഭല്‍വാല്‍ ജയിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീവ്രമായ നിരീക്ഷണത്തിലാണ്. നിരോധിത വസ്തുക്കള്‍ കണ്ടെത്തുന്നതിനും പിടിച്ചെടുക്കുന്നതിനുമായി സുരക്ഷാപരിശോധനകള്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here