ന്യൂഡല്‍ഹി | പാക്കിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യ യുദ്ധത്തിലേക്ക് കടക്കുമെന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യയും പാകിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് ഇന്ത്യന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് മേധാവിയെ വിളിച്ചാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിശ്ര അറിയിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും സമ്പൂര്‍ണ്ണ യുദ്ധത്തിലേക്ക് പോയാല്‍ ലോകത്തെ സാമ്പത്തികമായും രാഷ്ട്രീയമായും ബാധിക്കുമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആശങ്കയുണ്ടായിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ സാഹചര്യം തിരിച്ചറിഞ്ഞ് ഇന്ത്യയുമായും പാക്കിസ്ഥാനുമായും ചര്‍ച്ചകള്‍ തുടരുകയായിരുന്നു.
ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരു രാജ്യങ്ങളോടും നന്ദിയറിയിച്ച് പോസ്റ്റിട്ടു. ‘യുഎസ് മധ്യസ്ഥതയില്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും ഉടനടി പൂര്‍ണ്ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഏകോപനത്തിനും ദീര്‍ഘവീക്ഷണത്തിനും ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍! ഈ വിഷയത്തില്‍ നിങ്ങള്‍ നല്‍കിയ ശ്രദ്ധയ്ക്ക് നന്ദി’ – ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
ഉച്ചകഴിഞ്ഞ് 3.35 ന് പാകിസ്ഥാന്‍ ഡിജിഎംഒയ്ക്ക് ഇന്ത്യയിലെ ഡിജിഎംഒയില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ഇരുവശത്തുനിന്നുമുള്ള വെടിവയ്പ്പ്, സൈനിക നടപടികള്‍, വ്യോമ, കടല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ത്തിവയ്ക്കും. മെയ് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് ഡിജിഎംഒ വീണ്ടും ചര്‍ച്ച നടത്തുമെന്നും വിക്രം മിശ്ര അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും ഉടനടി വെടിനിര്‍ത്തലിന് സമ്മതിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ എപ്പോഴും തങ്ങളുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.