ന്യൂഡല്‍ഹി | പാകിസ്ഥാന് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം ലക്ഷ്യമിടാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ആ ആക്രമണം വിജയകരമായി പരാജയപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. ഒരു മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മെയ് 8 ന് രാവിലെ പാകിസ്ഥാന് സുവര്‍ണ്ണ ക്ഷേത്രം ലക്ഷ്യമിട്ട് ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ച് വന്‍ വ്യോമാക്രമണം നടത്തി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി. സുവര്‍ണ്ണ ക്ഷേത്രം ലക്ഷ്യമിട്ടുള്ള എല്ലാ ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടൂവെന്നാണ് വെളിപ്പെടുത്തല്‍.
പാകിസ്ഥാന് സൈന്യത്തിന്റെ ഏത് ദുഷ്കരമായ സാഹസികതയെയും നേരിടാന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു. സൈനിക സ്ഥാപനങ്ങളെയും മതപരമായ സ്ഥലങ്ങളെയും ലക്ഷ്യം വച്ചുള്ള എല്ലാ ആക്രമണങ്ങളെയും വിജയകരമായി തടയുകയും നിര്‍വീര്യമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”മതപരമായ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്ക് പുറമേ, ഞങ്ങളുടെ സൈനിക സ്ഥാപനങ്ങളെയും അവര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുവര്‍ണ്ണ ക്ഷേത്രമായിരുന്നു. സുവര്‍ണ്ണ ക്ഷേത്രമാണ് അവരുടെ ലക്ഷ്യമെന്ന് ഞങ്ങള്‍ക്ക് രഹസ്യാന്വേഷ വിവരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സുവര്‍ണ്ണക്ഷേത്രത്തിന് പ്രത്യേക ആധുനിക വ്യോമ പ്രതിരോധ സംവിധാനം ഒരുക്കിയിരുന്നു. – ഉദ്യോഗസ്ഥന് പറഞ്ഞു. ആക്രമണം വിജയകരമായി പരാജയപ്പെടുത്തിയതിന് അമൃത്സര്‍ എംപി ഗുര്‍ജിത് സിംഗ് ഔജ്ല സൈന്യത്തിന് നന്ദി പറഞ്ഞു.