ന്യൂഡല്‍ഹി | ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ത്താനുള്ള ശ്രമം മൂന്നാം ഘട്ടത്തിലും ലക്ഷ്യം കാണുന്നില്ല. 93 സീറ്റുകളിലേക്കു നടന്ന വോട്ടെടുപ്പിലും പോളിംഗ് ശതമാനം 60 ശതമാനത്തിനടുത്ത് മാത്രമാണ്.
ആദ്യ രണ്ടു ഘട്ടത്തിലെയും കുറവ് വോട്ടിംഗ് ശതമാനത്തെ തുടര്‍ന്ന് അത് ഉയര്‍ത്താന്‍ പലവിധ ശ്രമങ്ങള്‍ അധികൃതര്‍ കൈക്കൊണ്ടിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മധ്യപ്രദേശിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്.
അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമബംഗാള്‍ (4) സംസ്ഥാനങ്ങള്‍ക്കു പുറമേ കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി (2), ദാമന്‍ ആന്‍ഡ് ദിയു (2) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ബംഗാളിലും അസമിലും യഥാക്രമം 73 ശതമാനവും 74 ശതമാനം പോളിംഗും മഹാരാഷ്ട്രയില്‍ 54 % പോളിംഗുമാണ് ഇതുവരെ രേഖപ്പെടുത്തിയത്.
പ്രമുഖ നേതാക്കളെല്ലാം രാവിലെതന്നെ ബുത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ബംഗാളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. യുപിയില്‍ ബൂത്ത് പിടിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. പശ്ചിമബംഗാളിലെ ജങ്കിപ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ധനഞ്ജയ് ഘോഷും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി നടന്നു.