ന്യൂഡല്‍ഹി | മോദി ഗ്യാരന്റിക്ക് കേജ്രിവാളിന്റെ പത്തിന ബദല്‍ ഗ്യാരന്റി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ എഎപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പത്തു ഗ്യാരന്റികള്‍ മുന്നോട്ടുവച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാധ്യമങ്ങളെ കണ്ടു.

മോദി ഗ്യാരന്റിയും കേജ്രിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ എന്നും ബിജെപി പരാജയപ്പെട്ടിട്ടേയുള്ളൂ. എന്നാല്‍ എന്റെ ഗ്യാരന്റിക്കു തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡ് ഉണ്ട്. കേജ്രിവാളിന്റെ ഗ്യാരന്റി വേണോ, മോദിയുടെ ഗ്യാരന്റി വേണോ എന്ന് ജനം തീരുമാനിക്കട്ടേയെന്നും കേജ്‌രിവാള്‍ പറഞ്ഞു.

എല്ലാവര്‍ക്കും സൗജന്യ വൈദ്യുതിയുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണു കേജ്രിവാള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. രാജ്യത്ത് 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കും എന്നുള്ളതാണ് ആദ്യത്തെ ഗ്യാരന്റി. രാജ്യത്തിന് മൂന്നു ലക്ഷം മെഗാ വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതില്‍ രണ്ടു ലക്ഷം മെഗാവാട്ടാണ് ഉപയോഗിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ നമ്മുടെ രാജ്യത്തിനു സാധിക്കും. ഞങ്ങളത് ഡല്‍ഹിയിലും പഞ്ചാബിലും നടപ്പാക്കിയതാണ്. അത് രാജ്യവ്യാപകമായി നടപ്പാക്കും. പാവപ്പെട്ടവര്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭ്യമാക്കും. അതിന് ഏകദേശം 1.25 ലക്ഷം കോടി രൂപയാണ് വേണ്ടി വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസത്തെ പുനരുദ്ധരിക്കുന്ന പദ്ധതിയാണ് ഗ്യാരന്റികളില്‍ രണ്ടാമത്തേത്. മികച്ച ആരോഗ്യ പരിപാലനമാണ് കേജ്രിവാള്‍ മുന്നോട്ടുവയ്ക്കുന്ന മൂന്നാമത്തെ ഗ്യാരന്റി. . ചൈനയുടെ നിയന്ത്രണത്തില്‍നിന്ന് ഇന്ത്യന്‍ ഭൂമി മോചിപ്പിക്കുക, അഗ്‌നിവീര്‍ പദ്ധതി അവസാനിപ്പിക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ അനുസരിച്ചു കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കുക തുടങ്ങിയവയും കേജ്രിവാള്‍ ഗ്യാരന്റിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here