ബെംഗളൂരു | കര്‍ണാടക മുന്‍ ഡയറക്ടര്‍ ജനറലും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജി & ഐജിപി) ഓം പ്രകാശിനെ കൊന്നത് ഭാര്യയാണെന്ന് പോലീസിന് തെളിവ് ലഭിച്ചു. ഞായറാഴ്ച വൈകിട്ടാണ് എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ ഓം പ്രകാശിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഭാര്യയും മകളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, വൈകുന്നേരം 4.30 ഓടെ ഭാര്യ പല്ലവി മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ ഒരു സുഹൃത്തിന് വീഡിയോ കോള്‍ ചെയ്തു. ആ സംഭാഷണത്തില്‍ ‘ഒരു രാക്ഷസനെ’ കൊന്നതായി പറഞ്ഞ/വെന്നാണ് പോലീസ് കണ്ടെത്തിയത്. പിന്നേട് പല്ലവി എമര്‍ജന്‍സി ഹെല്‍പ്പ് ലൈനായ 112 ലേക്ക് വിളിച്ചു. തുടര്‍ന്നാണ് പോലീസ് സംഘം വീട്ടിലെത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തിട്ടുണ്ടെന്നും സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുകയുള്ളൂവെന്നും അഡീഷണല്‍ പോലീസ് കമ്മീഷണര്‍ വികാസ് കുമാര്‍ വികാഷ് അറിയിച്ചു.
സ്വത്തുതര്‍ക്കവും ദാമ്പത്യ കലഹവുമാണ് ഓംപ്രകാശിന്റെ കൊലപാതകത്തിന് ഭാര്യയെ പ്രേരിപ്പിച്ചതെന്നാണ് വിവരം. അതേസമയം ഓം പ്രകാശും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഓം പ്രകാശിന്റെ മകന് ഔദ്യോഗികമായി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കര്‍ണാടക ഡിജിപി അലോക് മോഹന്‍, ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്് ഈ കേസിന്റെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നത്. ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു.