ബെംഗളൂരു | ലൈംഗികാതിക്രമ കേസിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വിവാദത്തില്‍. ബിടിഎം ലേഔട്ടില്‍ ഒരു സ്ത്രീയെ ഒരാള്‍ കടന്നുപിടിക്കുന്ന സിസിടിവി ക്യാമറ ദൃശ്യം വൈറലായതിനു പിന്നാലെയാണ് മന്ത്രിയുടെ വിവാദപ്രസ്താവന വന്നത്. ഇത്തരം സംഭവങ്ങള്‍ ‘വലിയ നഗരങ്ങളില്‍ സാധാരണമാണ’ ന്നാണ് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞത്.
”ഇതുപോലുള്ള ഒരു വലിയ നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇവിടെയും അവിടെയും സംഭവിക്കാറുണ്ട്. നിയമപരമായ എന്ത് നടപടിയെടുക്കണമോ അത് നിയമപ്രകാരം ചെയ്യും. ബീറ്റ് പട്രോളിംഗ് വര്‍ദ്ധിപ്പിക്കാന്‍ ഞാന്‍ നമ്മുടെ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്” – മന്ത്രി പറഞ്ഞു. വീഡിയോയില്‍ രണ്ട് സ്ത്രീകള്‍ ഒരു ഇടുങ്ങിയ വഴിയിലൂടെ നടക്കുന്നത് കാണാം. പിന്തുടരുകയായിരുന്ന ഒരു പുരുഷന്‍ അവരെ കടന്നുപിടിക്കുകയായിരുന്നു.
ലൈംഗികാതിക്രമത്തെ നിസാരവത്ക്കരിച്ച ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്ന് സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. നഗരത്തിലെ ക്രമസമാധാന നിലയുടെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടപ്പെട്ടതെന്നും മന്ത്രിയുടേത് വിവേകശൂന്യമായ പ്രസ്താവനയാണെന്നും ബിജെപി വക്താവ് പ്രശാന്ത്ജി പറഞ്ഞു.