ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ഇന്ത്യന്‍ മിലിട്ടറി ഓപ്പറേഷന്‍സ്. പോരാട്ടം പാകിസ്ഥാന്‍ സൈന്യത്തിനെതിരെയല്ല, ഭീകരതയ്ക്കെതിരെയാണെന്നും പാകിസ്ഥാന്‍ സൈന്യം തീവ്രവാദികളെ പിന്തുണച്ചെന്നും സംയുക്ത ഡിജിപി മിലിട്ടറി ഓപ്പറേഷന്‍സ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിജിപി മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ലെഫ്റ്റനന്റ് ജനറല്‍ ഘായ്, എയര്‍ ഓപ്പറേഷന്‍സ് എയര്‍ മാര്‍ഷല്‍ എ കെ ഭാരതി, നാവിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് എന്നിവരാണ് പത്രസമ്മേളനത്തില്‍ സംസാരിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനുശേഷം പാക്കിസ്ഥാന്‍ ഡിജിഎംഒയുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ മിലിട്ടറി ഓപ്പറേഷന്‍സ് സംയുക്ത എത്രസമ്മേളനം നടത്തിയത്.
‘ഞങ്ങളുടെ പോരാട്ടം പാകിസ്ഥാന്‍ സൈന്യത്തിനെതിരെയല്ല, ഭീകരതയ്ക്കെതിരെയാണ്. പാകിസ്ഥാന്‍ സൈന്യം തീവ്രവാദികളെ പിന്തുണച്ചു’ – എയര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ എയര്‍ മാര്‍ഷല്‍ എ കെ ഭാരതി പറഞ്ഞു.
ഇന്ത്യയ്ക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാന്‍ ഉപയോഗിച്ച PL-15 എയര്‍-ടു-എയര്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ സൈന്യം കാണിച്ചു. ചൈനീസ് നിര്‍മ്മിത YIHA, സോംഗര്‍ ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ തെളിവുകളും പുറത്തുവിട്ടു.
ഓപ്പറേഷന്‍ സിന്ദൂരിന്റെ കീഴില്‍, ഇന്ത്യന്‍ സൈന്യം മുരിദ്‌കെയിലെ ലഷ്‌കര്‍-ഇ-തൊയ്ബ (LeT) യുടെ മര്‍കസ് തായിബ, ബഹാവല്‍പൂരിലെ ജെയ്ഷെ-ഇ-മുഹമ്മദ് (JeM) ന്റെ മര്‍കസ് സുബ്ഹാന്‍ അല്ലാഹ്, സിയാല്‍കോട്ടിലെ ഹിസ്ബുള്‍ മുജാഹിദീന്റെ മെഹ്മൂന ജോയ ഫെസിലിറ്റി, ബര്‍ണാലയിലെ മര്‍കസ് അഹ്ലെ ഹദീസ്, മുസാഫറാബാദിലെ ഷവായ് നല്ലയിലെ അവരുടെ ക്യാമ്പ് എന്നിവ ലക്ഷ്യമിട്ടതായി ഞായറാഴ്ച നടന്ന പത്രസമ്മേളനത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
കറാച്ചിയിലും പാക്കിസ്ഥാന്‍ വ്യോമത്താവളങ്ങളിലും നടത്തിയ തിരിച്ചടിയുടെ എല്ലാ ദൃശ്യതെളിവുകളും പങ്കുവച്ചുകൊണ്ടായിരുന്നു പത്രസമ്മേളനം.