ഷിംല | ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, മേഘസ്‌ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ മൂലമാണ് 52 പേര്‍ മരിച്ചത്. റോഡപകടങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളാല്‍ 28 പേര്‍ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) അറിയിച്ചു.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് 17 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. തൊട്ടുപിന്നാലെ കാംഗ്രയില്‍ 11 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ 20 മുതല്‍ ജൂലൈ 7 വരെയുള്ള കാലയളവില്‍ വൈദ്യുതാഘാതം, പാമ്പുകടി, മണ്ണിടിച്ചില്‍ തുടങ്ങിയ മറ്റ് കാരണങ്ങളാല്‍ 28 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനുപുറമെ, സംസ്ഥാനത്ത് 128 പേര്‍ക്ക് പരിക്കേറ്റു, 320 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 38 എണ്ണം ഭാഗികമായി തകര്‍ന്നു. 10,254 കന്നുകാലികളും കോഴികളും ചത്തു. 69,265.60 ലക്ഷം രൂപയുടെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതായി സര്‍ക്കാര്‍ അറിയിച്ചു.