തങ്ങള്‍ക്കൊപ്പമുള്ളവരെ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ഇരു ഗ്രൂപ്പുകളും. ഒരുപടി കൂടി കടന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ പ്രാതല്‍ കഴിക്കാന്‍ മുഖ്യമന്ത്രി ക്ഷണിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി| ഹിമാചലില്‍ ഭരണം നഷ്ടമാകാതിരിക്കാനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസ്. സര്‍ക്കാരിന് തല്‍ക്കാലം ഭീഷണിയില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്ന് നിരീക്ഷണ സംഘം ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു.

നേതൃമാറ്റ ആവശ്യത്തിലും അഭിപ്രായഭിന്നത പരിഹരിക്കുന്നതിനും വിശദമായ ചര്‍ച്ചകള്‍ക്കാണ് ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് എത്തിയ മുതിര്‍ന്ന നേതാക്കളായ ഭൂപീന്ദര്‍സിങ് ഹൂഡ, ഭൂപേശ് ബാഘേല്‍, ഡി.കെ. ശിവകുമാര്‍, സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാജീവ് ശുക്ല എന്നിവര്‍ പാര്‍ട്ടി എംഎല്‍എമാരെ വിശ്വാസത്തിലെടുത്ത് വെവ്വേറെ സംസാരിക്കാന്‍ തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന് തല്‍ക്കാലം ഭീഷണിയില്ലെന്ന് നിരീക്ഷവര്‍ വിലയിരുത്തിയത്.

വിക്രമാദിത്യ സിങ് രാജി പിന്‍വലിച്ചതും അനുനയ പാതയില്‍ എത്തിയതും കോണ്‍ഗ്രസിന് ആശ്വസമാണ്. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിനെ മാറ്റണമെന്ന ആവശ്യം എതിര്‍പക്ഷ എംഎല്‍എമാര്‍ ഉയര്‍ത്തുകയും മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് പൊതുമരാമത്തു മന്ത്രി വിക്രമാദിത്യ സിങ് രാജിവെക്കുകയും ചെയ്തതോടെ, ഭരണം നിലനിര്‍ത്താന്‍ വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയെ മാറ്റാനും ഹൈക്കമാന്റ് തയാറായേക്കും. വ്യക്തികളല്ല, പാര്‍ട്ടി താല്‍പര്യമാണ് പ്രധാനമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് പ്രതികരിച്ചു.

വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന സര്‍ക്കാരിനെയാണ് ഹിമാചല്‍ പ്രദേശില്‍ ബിജെപി പ്രതിസന്ധിയിലാക്കിയത്. തൂക്കുസഭയായി മാറിയ നിയമസഭയുടെ സമ്മേളനം നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുമ്പേ അനിശ്ചിത കാലത്തേക്ക് പിരിയാന്‍ തീരുമാനിച്ചതും 15 ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യുകവഴി ബജറ്റ് പാസാക്കാന്‍ സാധിച്ചതും കോണ്‍ഗ്രസിന് തല്‍ക്കാല പിടിവള്ളിയാണ്. എന്നാല്‍, ഒമ്പതുപേരെ വലവീശി പിടിച്ച ബിജെപിക്ക് കൂടുതല്‍ പേരെ വലയിലാക്കാന്‍ കഴിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here