ഭോപാല്‍ | ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ മധ്യപ്രദേശില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം. കല്ലേറില്‍ ഒരു ഡസനോളം പേര്‍ക്ക് പരിക്കേറ്റു. ഘോഷയാത്ര ഒരു പള്ളിക്ക് സമീപം എത്തിയപ്പോള്‍ ഡിജെ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പിന്നീട് പള്ളിക്ക് സമീപത്തെ വീടുകളില്‍ നിന്നും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതായാണ് വിവരം.
ഇന്നലെ ശിവാജി നഗര്‍ മാതാ മന്ദിറില്‍ നിന്ന് വൈകുന്നേരം 4 മണിക്ക് ഹനുമാന്‍ ജയന്തി ഘോഷയാത്ര ആരംഭിച്ചപ്പോഴാണ് സംഭവം. ഡിജെയില്‍ സംഗീതം പകര്‍ന്നുകൊണ്ട് ഏകദേശം 100 പേര്‍ ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. വൈകുന്നേരം 7:45 ന്, ഘോഷയാത്ര കേണല്‍ഗഞ്ച് പള്ളിക്ക് മുന്നിലെത്തിയപ്പോഴാണ് ഘോഷയാത്ര തടഞ്ഞത്. തുടര്‍ന്നാണ് സംഘര്‍ഷവും കല്ലേറും നടന്നത്. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പള്ളിക്ക് സമീപം ഉണ്ടായിരുന്നവരെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് കല്ലെറിഞ്ഞതെന്ന് മറുവിഭാഗവും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
ഘോഷയാത്രയുടെ സംഘാടകര്‍ പോലീസില്‍ പരാതി നല്‍കിയതോടെ 4 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിക്കി ഖാന്‍, അമിന്‍ ഖാന്‍, ഗുഡ്ഡു ഖാന്‍ തുടങ്ങി കണ്ടാലറിയാവുന്ന 15-20 പേര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഭാരതീയ ന്യായ് സംഹിതയുടെ 109, 296, 324(4), 125, 191 (2-3), 190, 115 (2) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.