അലഹബാദ് | സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതോ പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതോ വലിച്ചിഴയ്ക്കുന്നതോ ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗശ്രമവും ബലാത്സംത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം.

ഇപ്രകാരം ചെയ്തവര്‍ക്കു മേല്‍ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങള്‍ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ഉപദ്രവിച്ചതിനു പവന്‍, ആകാശ് എന്നിവര്‍ക്കെതിരെ കീഴ്‌കോടതി ചുമത്തിയ പോസ്‌കോയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കവേയായിരുന്നു പരാമര്‍ശം. 2021ലാണു സംഭവം നടന്നത്. സംഭവത്തില്‍ സമന്‍സ് അയച്ച കീഴ്‌കോടതി നടപടിയെ ചോദ്യം ചെയ്താണു യുവാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സംഭവം നടന്ന സ്ഥലത്തുകൂടി പോയ ഒരാളാണു പെണ്‍കുട്ടിയെ രക്ഷിച്ചതെന്നും പരാതിയില്‍ പറയുന്നു. ബലാത്സംഗശ്രമം കുറ്റാരോപിതര്‍ക്കു മേല്‍ ചുമത്തണമെങ്കില്‍ അവര്‍ തയാറെടുപ്പുഘട്ടത്തില്‍നിന്ന് മുന്നോട്ടു പോയെന്ന് വാദിഭാഗം തെളിയിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണ്‍ മിശ്ര ചൂണ്ടിക്കാട്ടി. ബലാത്സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here