തിരുവനന്തപുരം | ഭാവിയില്‍ ദേശീയ പാതാ അതോറിറ്റി കേരളത്തില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും നിര്‍മ്മാണ വസ്തുക്കളുടെ ജി.എസ്.ടിയിലെ സംസ്ഥാനവിഹിതം, റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതിന് മന്ത്രി സഭായോഗം തീരുമാനം എടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശീയപാതാ വികസനത്തില്‍ നാഴികകല്ലായി മാറാന്‍ പോകുന്ന ഒരു തീരുമാനമാണിത്.
കേരളത്തിന്റെ വികസനത്തിന് ദേശീയ പാതാ വികസന പദ്ധതികളും പുതിയ ദേശീയപാതകളും അനിവാര്യം ആണെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇത് സംബന്ധിച്ച വിശദമായ നിര്‍ദേശം കേന്ദ്ര ഉപരിതലഗതാഗതവകുപ്പു മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ കൂടി പങ്കാളിത്തം ഇത്തരം പദ്ധതികളില്‍ വേണം എന്ന ആവശ്യം ബഹുമാനപ്പെട്ട മന്ത്രി തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുകയും ഇനി വരാനിരിക്കുന്ന ദേശീയപാതാ പ്രവൃത്തികളില്‍ കൂടി സംസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ആഭ്യന്തരം,വനം വന്യജീവി,ഗതാഗതം,എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോംഡ് ഫോഴ്സിലെ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഉന്തിയ പല്ലിന്റെ പേരിലുള്ള അയോഗ്യത ഒഴിവാക്കുന്നതിനായി,അതത് വകുപ്പുകളിലെ വിശേഷാല്‍ ചട്ടങ്ങളില്‍ പ്രസ്തുത വ്യവസ്ഥ നിലവിലുണ്ടെങ്കില്‍ ഭേദഗതി ചെയ്യുന്നതിനുള്ള അനുമതി നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.