ചെന്നൈ | തമിഴ്നാട്ടിലെ 13-ാമത് ബിജെപി അധ്യക്ഷനായി നൈനാര്‍ നാഗേന്ദ്രന്. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് അറിയുന്നത്. നിലവില്‍ തമിഴ്നാട് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും നിയമസഭയിലെ ബിജെപിയുടെ കക്ഷി നേതാവുമാണ് നൈനാര്‍ നാഗേന്ദ്രന്.
കെ. അണ്ണാമലൈ സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. തിരുനെല്‍വേലി എംഎല്‍എ കൂടിയായ നൈനാര്‍ നാഗേന്ദ്രന് മാത്രമാണ് പത്രിക സമര്‍പ്പിച്ചതെന്നാണ് വിവരം. ജയലളിത , പനീര്‍ശെല്‍വം മന്ത്രിസഭകളില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് നൈനാര്‍ നാഗേന്ദ്രന്. നിലവിലെ പാര്‍ട്ടി മേധാവി കെ അണ്ണാമലൈ, കേന്ദ്രമന്ത്രി എല്‍ മുരുകന്, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്, പാര്‍ട്ടി നിയമസഭാംഗവും മഹിളാ മോര്‍ച്ച പ്രസിഡന്റുമായ വനതി ശ്രീനിവാസന് എന്നിവര്‍ ചേര്‍ന്നാണ് നാഗേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചതെന്ന് ബിജെപി വ്യക്തമാക്കി. നിരവധി വര്‍ഷങ്ങള്‍ എ.ഐ.എ.ഡി.എം.കെയില്‍ പ്രവര്‍ത്തിച്ചശേഷം 2017ലാണ് അദ്ദേഹം പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്.