ചെന്നൈ | തൊണ്ണൂറുകളിലെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരമാണ് അശ്വനി നമ്പ്യാര്‍. ഒരു മലയാളി സംവിധായകനില്‍നിന്നും നേരിട്ട ലൈംഗിക പീഢനത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കയാണ് താരം. മണിച്ചിത്രത്താഴിലും ധ്രുവത്തിലും കുടുംബകോടതിയിലുമെല്ലാം വേഷമിട്ട അശ്വനിക്ക് കരിയറിന്റെ തുടക്കകാലത്താണ് ഈ ദുരനുഭവം ഉണ്ടായത്. അച്ഛന്റെ പ്രായമുള്ള മലയാളി സംവിധായകന്‍ മുറിയില്‍ വിളിച്ചു വരുത്തിയാണ് അങ്ങനെ ചെയ്തത്. അയാള്‍ കാട്ടിക്കൂട്ടിയത് എന്താണെന്ന് തിരിച്ചറിയാന്‍പോലുമുള്ള വിവേകം അന്നുണ്ടായില്ലെന്നും നടി പറഞ്ഞു.
എന്തോ ആവശ്യത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണ്. ഒപ്പം വരാന്‍ അമ്മയ്ക്ക് കഴിഞ്ഞതുമില്ല. സംവിധായകന്റെ വീടും ഓഫീസും ഒരുമിച്ചായിരുന്നു. മുമ്പ് അയാളുടെ ഒരു ചിത്രത്തില്‍ അഭിനയിച്ച പരിചയമുള്ളതുകൊണ്ടാണ് ഒറ്റയ്ക്ക് ചെന്നത്. എന്നാല്‍ റൂമിലേക്ക് എത്തിയതോടെയാണ് മുതിര്‍ന്ന സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചത്. പിന്നേട് വീട്ടിലെത്തി അമ്മയോട് പറഞ്ഞു. ഒപ്പം വരാന്‍ കഴിയാത്തതില്‍ അമ്മ പൊട്ടിക്കരഞ്ഞു. അന്നു രാത്രി ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തെറ്റ് നിന്റെ ഭാഗത്തല്ല, അയാളുടേതാണ് എന്ന് പറഞ്ഞ് അമ്മ ജീവിതത്തിലേക്കുള്ള ധൈര്യം പകര്‍ന്നു. ആ സംഭവം തന്നെ കരുത്തയാക്കിയെന്നും പിന്നേട് ഒറ്റയ്ക്കാണ് ഷൂട്ടിംഗിനു പോയിട്ടുള്ളതെന്നും അശ്വനി പറയുന്നു. മാപ്പു നല്‍കിയാതിനാല്‍ മലയാളത്തിലെ ആ മുതിര്‍ന്ന സംവിധായകന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അശ്വനി പറഞ്ഞു.
1991 -ല്‍ 16 വയസ്സുള്ളപ്പോഴാണ് നായികയായി ‘പുതു നെല്ലു പുതു നാത്തു’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. പിന്നേട് മലയാളത്തില്‍ 1992 -ല്‍ ആയുഷ്‌കാലം, കൗരവര്‍ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തിയത്. 93- ല്‍ ബട്ടര്‍ഫ്ളെസ്, മണിച്ചിത്രത്താഴ്, ധ്രുവം എന്നീ ചിത്രങ്ങളിലാണ് അശ്വനി അഭിനയിച്ചത്. തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും തിളങ്ങിയ താരം വിവാഹത്തോടെ സിനിമ വിട്ടു. ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ സുഴല്‍ സീരീസിന്റെ രണ്ടാം ഭാഗത്തിലൂടെ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.