ഒഡീഷ | ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ചുട്ടുകൊന്നകേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിനെ മോചിപ്പിച്ച് ഒഡീഷ സര്‍ക്കാര്‍. 2025 ഏപ്രില്‍ 16 ന് ഭുവനേശ്വറില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള കിയോഞ്ജര്‍ ജയിലില്‍ നിന്നാണ് പുറത്തിറങ്ങല്‍. ജയ്ശ്രീറാം വിളികളോടെ ആഘോഷമാക്കിയാണ് ഹെംബ്രാമിന്റെ അനുയായികള്‍ അദ്ദേഹത്തെ വരവേറ്റത്.
ഭീകരമായ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് മഹേന്ദ്ര ഹെംബ്രാം. ഇന്ത്യയെയും ലോകത്തെയും ഞെട്ടിച്ച കുറ്റകൃത്യത്തിന്റെ ഭീകരത ഉണ്ടായിരുന്നിട്ടും, നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഹെംബ്രാമിനെ മോചിപ്പിച്ചത് വലിയ വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്.
25 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഒഡീഷ സംസ്ഥാന ശിക്ഷാ അവലോകന ബോര്‍ഡാണ് അദ്ദേഹത്തെ മോചിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്.
1999 -ല്‍ ഒരു കൂട്ടം അക്രമികള്‍ ഗ്രഹാം സ്റ്റെയിന്‍സ് എന്ന ക്രിസ്ത്യന്‍ മിഷനറിയും അദ്ദേഹത്തിന്റെ രണ്ട് ഇളയ മക്കളായ ഫിലിപ്പും തിമോത്തിയും ഉറങ്ങിക്കിടന്നിരുന്ന വാഹനത്തിന് തീയിട്ടുകൊന്ന കേസിലാണ് മഹേന്ദ്ര ഹെംബ്രാം ശിക്ഷിക്കപ്പെട്ടത്.
ഒഡീഷയിലെ ഗോത്രമേഖലകളില്‍ കുഷ്ഠരോഗികളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിച്ചുവന്നിരുന്ന മിഷനറിയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്.