തിരുവനന്തപുരം | കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിലെ യുവ തലമുറകള്‍ ചെയ്തുകൂട്ടുന്നത്. പ്രണയവും ബ്രേക്കപ്പുമെല്ലാം ക്വട്ടേഷന്‍ നല്‍കുന്നതില്‍വരെ ചെന്നെത്തി. ഇപ്പോഴിതാ പ്രണയം തകര്‍ന്നതിന് പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേന്‍ നല്‍കിയ വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്താം ക്ലാസുകാരിയെ ഫോണില്‍ വിളിച്ച് നിരന്തരമായി ശല്യം ചെയ്ത കുന്നത്തുകാല്‍ മൂവേര സ്വദേശി സച്ചു എന്ന് വിളിക്കുന്ന സജിന്‍ (30), നാറാണി കോട്ടുക്കോണം സ്വദേശി അനന്തു (20) എന്നിവരാണ് വെള്ളറട പോലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയുടെ ഫോണില്‍ വിളിച്ച് അനാവശ്യം പറയാനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം തകര്‍ന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.വൈരാഗ്യം തീര്‍ക്കാന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, സുഹൃത്തായ അനന്തുവിന് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ കൈമാറുകയായിരുന്നു. ഈ നമ്പര്‍ അനന്തു, സുഹൃത്തായ സജിനും കൈമാറി. തുടര്‍ന്ന് നിരന്തരം പെണ്‍കുട്ടിയുടെ ഫോണില്‍ വിളിച്ച് അനാവശ്യങ്ങള്‍ പറഞ്ഞു തുടങ്ങി. സഹികെട്ട പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ വെള്ളറട പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സുഹൃത്താണ് തനിക്ക് ഫോണ്‍ നമ്പര്‍ തന്നതെന്നും പെണ്‍കുട്ടിയെ വിളിച്ച് ശല്യം ചെയ്താല്‍ ഒരു ദിവസം മുഴുവന്‍ കുടിക്കാനുള്ള മദ്യവും ഭക്ഷണവും അനന്തുവിന് വാഗ്ദാനം ചെയ്തിരുന്നതായും പോലീസിനോട് വെളിപ്പെടുത്തി. മാരായമുട്ടത്ത് സ്ത്രീയെ ശല്യം ചെയ്ത കേസില്‍ പ്രതിയായിരുന്നു പിടിയിലായ സജിന്‍.