തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് അതിലുള്ളത്.
ഐ.റ്റി, ഗിഗ് ഇക്കോണമി, മീഡിയ, ഇന്‍ഷുറന്‍സ്/ബാങ്കിംഗ്, റീട്ടെയില്‍/ ഇന്‍ഡസ്ട്രിയല്‍ എന്നീ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന 18നും 40 നും ഇടയില്‍ പ്രായമുള്ള 1548 യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സര്‍വ്വേ നടത്തിയത്.
പുരുഷ ജീവനക്കാരില്‍ കുറഞ്ഞ ശമ്പളവും മോശം അലവന്‍സുകളുമാണ് പ്രധാന സമ്മര്‍ദ്ദ ഘടകം. ജോലി സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി മിക്ക ജീവനക്കാരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. നടത്തം, യോഗ, ധ്യാനം തുടങ്ങിയവ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നു. തൊഴിലിടത്തെ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നതിനായി മദ്യപിക്കുന്ന ശീലം യുവജനങ്ങളില്‍ കൂടിവരികയാണെന്നും കമ്മിഷന്‍ കണ്ടെത്തി.
ഐ.ടി. (84.3%), മീഡിയ (83.5%) എന്നീ മേഖലകളില്‍ തൊഴിലെടുക്കുന്ന യുവജനങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ സമ്മര്‍ദ്ദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബാങ്കിംഗ്/ഇന്‍ഷുറന്‍സ് മേഖലയിലില്‍ (80.6%), ഗിഗ് ഇക്കോണമിയില്‍ (75.5%) ജീവനക്കാരില്‍ തൊഴില്‍ സമ്മര്‍ദ്ദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റീട്ടെയില്‍/വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ താരതമ്യേന കുറഞ്ഞ തോതിലുള്ള തൊഴില്‍ സമ്മര്‍ദ്ദമാണ് നേരിടുന്നത്.

30- 39 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നത്. പുരുഷന്മാരെ (73.7%) അപേക്ഷിച്ച് സ്ത്രീകളാണ് (74.7%) കൂടുതല്‍ തൊഴില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നത് എന്ന് പഠനം സൂചിപ്പിക്കുന്നു. വിധവകള്‍/വിവാഹമോചിതര്‍ എന്നിവര്‍ വിവാഹിതരായ ജീവനക്കാരെയും അവിവാഹിതരായ ജീവനക്കാരെയും അപേക്ഷിച്ച് ഉയര്‍ന്ന തലത്തിലുള്ള തൊഴില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നു. സര്‍വ്വേയുടെ ഭാഗമായ ജീവനക്കാരില്‍ ഭൂരിഭാഗം ആളുകളും ജോലിഭാരം കാരണം തങ്ങളുടെ വര്‍ക്ക് ലൈഫ് ബാലന്‍സില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു(68.25%). ഇതില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ നേരിയ വര്‍ദ്ധനവ് കാണുന്നു.
സാമ്പത്തിക അരക്ഷിതാവസ്ഥയും വര്‍ക്ക് ലൈഫ് ബാലന്‍സ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് മാനസിക സമ്മര്‍ദ്ദത്തിനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളില്‍, ജോലിയുടെ സ്വഭാവം (ജോലിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളും വിഭവങ്ങളും, സമയ സമ്മര്‍ദ്ദം, സമയപരിധികള്‍, തൊഴില്‍ അന്തരീക്ഷം, ഷെഡ്യൂള്‍ എന്നിവ) തൊഴിലാളികളില്‍ തൊഴില്‍ സമ്മര്‍ദ്ദത്തിന് ഏറ്റവും പ്രധാനപ്പെട്ട സംഭാവന നല്‍കുന്നതായി കണ്ടെത്തി.
ജോലിസ്ഥലത്തെ വിവേചനം, നോണ്‍-ബൈനറി വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കിടയില്‍ സമ്മര്‍ദ്ദത്തിന് കാരണമാകുന്ന പൊതു ഘടകമായി കാണപ്പെടുന്നു. ജോലിഭാരവും സമ്മര്‍ദ്ദവും കാരണം ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി ഗണ്യമായ ഒരു വിഭാഗം ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. അവരില്‍ പുരുഷ ജീവനക്കാര്‍ക്ക് സ്ത്രീ ജീവനക്കാരെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. മാനസിക പ്രശ്‌നങ്ങളുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടും പലരും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കുകയോ വിദഗ്ധ ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.