തിരുവനന്തപുരം | കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍ തുറന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. ബ്രസല്‍സിലെ ഹബ് ഡോട് ബ്രസല്‍സുമായി ധാരണാ പത്രം ഒപ്പിട്ടു. ബെല്‍ജിയം രാജകുമാരി ആസ്ട്രിഡ് ഓഫ് ബെല്‍ജിയത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പു വച്ചത്. മുംബൈയില്‍ വച്ചാണ്
ഒപ്പുവച്ചത്.
ഇതുപ്രകാരം കേരളത്തിലെ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ സ്ഥാപിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സൗജന്യ വര്‍ക്കിംഗ്‌സ്‌പേസ്, ബിസിനസ് വിദഗ്‌ധോപദേശം, മീറ്റിംഗ് റൂം സൗകര്യം, ബിസിനസ് ശൃംഖല അവസരങ്ങള്‍ എന്നിവയും ലഭ്യമാകും. ബെല്‍ജിയത്തില്‍ മാത്രമല്ല, യൂറോപ്പിലെ വിപണിയിലാകെ സാന്നിദ്ധ്യമറിയിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം കൈവരും.
ബെല്‍ജിയത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെയും സാമ്പത്തികവികസനത്തിന്റെയും ചുമതലയുള്ള പ്രാദേശിക ഏജന്‍സിയാണ് ഹബ് ബ്രസല്‍സ്. കെഎസ് യുഎം സിഇഒ അനൂപ് അംബിക, ഹബ് ബ്രസല്‍സ് ഡെപ്യൂട്ടി സിഇഒ അന്നലോര്‍ ഐസക് എന്നിവരാണ് ധാരണാപത്രം കൈമാറിയത്.