തിരുവനന്തപുരം | 15-ാം കേരള നിയമസഭയുടെ 12ാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. രൂക്ഷമായ ഭരണ–പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ സമ്മേളിച്ച് മന തന്നെ ഇന്നത്തേക്ക് പിരിഞ്ഞു.
സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.
ചോദ്യോത്തരവേളയിൽ ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ തനിക്ക് മുന്നിലെത്തി പ്രതിഷേധിച്ച മാത്യു കുഴൽനാടനോട് ചോദിച്ചത് വി.സി. സതീശനെ ചൊടിപ്പിച്ചു. സതീശൻ ചെയറിനെതിരെ നടത്തിയ രൂക്ഷമായ വിമർശനം സ്പീക്കർ രേഖകളിൽ നിന്ന് നീക്കി. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമർശമാണ് തർക്കത്തിനിടയാക്കുകയും ചെയ്തു.
ഇതിന് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് പിന്നീട് മറുപടി പറഞ്ഞു. അതേ ഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി. ബാനർ പിടിച്ചു. സഭ നടത്താനാകില്ലെന്ന് വന്നതോടെ, അടിയന്തിര പ്രമേയത്തിലെ ചർച്ച അടക്കം റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.