ടോക്കിയോ | ജപ്പാന്‍ ആദ്യമായി ഉപരിതല-കപ്പല്‍ മിസൈല്‍ പരീക്ഷണം നടത്തി. വടക്കന്‍ ദ്വീപായ ഹോക്കൈഡോയിലെ ഒരു പരിശീലന കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഗ്രൗണ്ട് സെല്‍ഫ്-ഡിഫന്‍സ് ഫോഴ്സ് (ജെജിഎസ്ഡിഎഫ്) ഒരു ടൈപ്പ്-88 മിസൈലാണ് ജപ്പാന്‍ വിക്ഷേപിച്ചത്. രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണമെന്ന് ജപ്പാന്‍ പറയുന്നു.
സാധാരണയായി അമേരിക്കയിലെ സൗകര്യങ്ങളിലാണ് ഇതുവരെ, ജപ്പാന്‍ സ്വന്തം പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഇതാദ്യമായാണ് സ്വന്തം ഭൂപരിധിയില്‍ പരീക്ഷണം നടത്തുന്നത്. ജപ്പാന്‍ നാണയമായ ‘യെന്‍’ -ന്റെ വിലയിടിഞ്ഞതോടെ അമേരിക്കന്‍ പരിശീലന കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചെലവ് കൂടുതലായതും ജപ്പാനെ സ്വന്തം നിലയ്ക്കുള്ള സൈനിക അഭ്യാസങ്ങളിലേക്കും പരീക്ഷണങ്ങള്‍ക്കും പ്രേരിപ്പിച്ചിട്ടുണ്ട്.
‘നിലവിലെ കടുത്ത സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ദ്വീപുകളെയും മറ്റ് പ്രദേശങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവ് നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത്തരം അഭ്യാസങ്ങള്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്’ – ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിമാസ ഹയാഷി ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏതെങ്കിലും പ്രത്യേക രാജ്യത്തെ ലക്ഷ്യം വച്ചല്ല ഈ അഭ്യാസം നടത്തിയതെന്ന് പറയുമ്പോഴും തായ്വാന്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ചൈനയുടെ ഭീഷണി തുടരുന്നതും ജപ്പാനെ ആശങ്കയിലാക്കുന്നുണ്ട്. അമേരിക്കയുമായി അടുത്ത സഹകരണം നിലനിര്‍ത്തിക്കൊണ്ട് സ്വയംപര്യാപ്തമായ പ്രതിരോധം ശക്തിപ്പെടുത്താനാണ് ജപ്പാന്റെ നീക്കം.