കൊച്ചി | ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനം, JL8696 10 മിനിറ്റിനുള്ളില്‍ ഏകദേശം 36,000 അടിയില്‍ നിന്ന് ഏകദേശം 10,500 അടിയിലേക്ക് താഴ്ന്നു. ഷാങ്ഹായ് പുഡോങ്ങില്‍ നിന്ന് ടോക്കിയോ നരിറ്റയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ജൂണ്‍ 30-നായിരുന്നു സംഭവം. പെട്ടെന്നുള്ള ക്യാബിന്‍ മര്‍ദ്ദ മുന്നറിയിപ്പിനെ തുടര്‍ന്ന്, 10 മിനിറ്റിനുള്ളില്‍ ഏകദേശം 36,000 അടിയില്‍ നിന്ന് 10,500 അടിയില്‍ താഴെയായി വേഗത്തില്‍ താഴേക്കിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഫ്‌ളൈറ്റിനുള്ളില്‍ അടിയന്തര നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചു. ചില യാത്രക്കാര്‍ വിടവാങ്ങല്‍ സന്ദേശങ്ങള്‍, ബാങ്ക് പിന്‍ നമ്പറുകള്‍ എന്നിവയെല്ലാം എഴുതിവയ്ക്കാന്‍ തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഒടുവില്‍ വിമാനം വഴിതിരിച്ചുവിടുകയും ഏകദേശം രാത്രി 8:50 ന് ഒസാക്കയിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായ അടിയന്തര ലാന്‍ഡിംഗ് നടത്തുകയും ചെയ്തു. ഒടുവില്‍, 191 യാത്രക്കാരും ജീവനക്കാരും പരിക്കേല്‍ക്കാതെ സുരക്ഷിതരായി രക്ഷപ്പെടുകയായിരുന്നു.