തിരുവനന്തപുരം | 2025 ലെ ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ഇഷാന്‍ കിഷന്‍. വെറും 45 പന്തിലാണ് ഇഷാന്‍ സെഞ്ച്വറി നേടിയത്. ഇഷാന്‍ കിഷന്‍ നിലവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് (SRH) വേണ്ടിയാണ് കളിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരെ (RR) SRH വന്‍ വിജയം നേടി. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇഷാന്‍ കിഷന്റെ ഇന്നിംഗ്‌സ്. സെഞ്ച്വറിക്ക് ശേഷം കളിക്കളത്തിലെ അദ്ദേഹത്തിന്റെ ആഘോഷവും ഇതിന് തെളിവാണ്.

ഏകദേശം ഒന്നര വര്‍ഷമായി കിഷന്‍ ഒരു അന്താരാഷ്ട്ര മത്സരവും കളിച്ചിട്ടില്ല, 2023 നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് അവസാനമായി ടി20 മത്സരം കളിച്ചത്. ഇതിനുശേഷം, ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് ശേഷം, അച്ചടക്ക ലംഘനത്തെത്തുടര്‍ന്നാണ് , 2024 ല്‍ ബിസിസിഐ ഇഷാന്റെ കരാര്‍ അവസാനിപ്പിച്ചത്.

ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ച് ടീം ഇന്ത്യയില്‍ നിന്ന് പുറത്തുപോകാനുള്ള വഴിയും ഇഷാന്‍ സ്വയമൊരുക്കി. ഐപിഎല്ലിന്റെ പതിനെട്ടാം സീസണിലെ മെഗാ ലേലത്തില്‍, മുംബൈ ഇന്ത്യന്‍സ് (എംഐ) ഇഷാനെ നിലനിര്‍ത്താനോ വീണ്ടും വാങ്ങാനോ ശ്രമിച്ചതുമില്ല.

ഇത്തരത്തില്‍ കരിയറില്‍ കനത്ത വെല്ലുവിളികള്‍ നേരിട്ട കിഷാനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 11.25 കോടി രൂപയ്ക്ക് വാങ്ങുകയായിരുന്നു. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഹെന്റിച്ച് ക്ലാസന്‍ തുടങ്ങിയ മികച്ച ബാറ്റ്‌സ്മാന്‍മാരുള്ള ഒരു ടീമിലേക്കാണ് ഇഷാനുമെത്തിയത്.

ആദ്യ മത്സരത്തില്‍ തന്നെ ഇഷാന്‍ കിഷന്‍ തന്റെ സാന്നിധ്യമറിയിച്ചു. വെറും 45 പന്തില്‍ ഇഷാന്‍ നേടിയ സെഞ്ച്വറി ഇന്നിംഗ്‌സിലൂടെ സണ്‍റൈസേഴ്‌സ് 286 റണ്‍സ് നേടുകയായിരുന്നു. ഇത് ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ്. ഈ ടീമിനാണ് ഏറ്റവും ഉയര്‍ന്ന സ്‌കോറായ 287 റണ്‍സ്.

ഇതുവരെ നടന്ന 106 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 137.98 സ്‌ട്രൈക്ക് റേറ്റിലും 29.57 ശരാശരിയിലും കിഷന്‍ 2750 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറി ഇപ്പോഴാണ് പിറന്നത്. കിഷന്റെ മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍ 99 ആയിരുന്നു.

ലയണ്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍ 2016 -ല്‍ ഗുജറാത്ത് ലയണ്‍സിലൂടെയാണ് ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും (സിഎസ്‌കെ) രാജസ്ഥാന്‍ റോയല്‍സിനെയും (ആര്‍ആര്‍) ഐപിഎല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന് ശേഷമാണ് ഗുജറാത്ത് ലയണ്‍സ് ടീം രൂപീകരിച്ചത്. സുരേഷ് റെയ്നയുടെ നേതൃത്വത്തിലുള്ള പുതിയ ടീം അടുത്ത വര്‍ഷവും അദ്ദേഹത്തെ നിലനിര്‍ത്തി. എന്നാല്‍ 2018 ലെ ലേലത്തിന് ശേഷം ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിലേക്ക് പോയി. ഇതിനുശേഷം, നിലവിലെ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ഇടംനേടി.

LEAVE A REPLY

Please enter your comment!
Please enter your name here