ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമായതോടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന്റെ നീക്കം.
പാക്കിസ്ഥാന് വന്‍ തിരിച്ചടി നേരിടുമെന്ന് മനസിലാക്കിയാണ് മധ്യസ്ഥ ശ്രമവുമായി ഇറാന്‍ രംഗത്തെത്തുന്നത്. ഇറാനോട് ഇടപെടണമെന്ന് പാക്കിസ്ഥാന്‍ രഹസ്യമായി അഭ്യര്‍ത്ഥിച്ചതായാണ് വിവരം. ഇതോടെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി ഇന്ത്യയെയും പാകിസ്ഥാനെയും ‘സഹോദരായ അയല്‍ക്കാര്‍’ എന്നു വിശേഷിപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ഇന്ത്യ സിന്ധൂ നദീജല കരാറില്‍ നിന്നും പിന്‍മാറിയതോടെ വിദൂര ഭാവിയില്‍ പാക്കിസ്ഥാന് കനത്ത വില നല്‍കേണ്ടിവരും. മാത്രമല്ല ഇന്ത്യയുടെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന ആശങ്കയിലാണ് പാക്കിസ്ഥാന്‍. ഈ സാഹചര്യത്തിലാണ് മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇറാന്‍ മുന്നോട്ടു വരുന്നത്.
മനുഷ്യബന്ധങ്ങള്‍, സഹാനുഭൂതി, ഐക്യദാര്‍ഢ്യം, അനുകമ്പ എന്നിവയുടെ സന്ദേശം പ്രതിഫലിപ്പിക്കുന്ന പേര്‍ഷ്യന്‍ കവി സാദിയുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇറാനിയന്‍ മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികള്‍ ‘വളരെ സൂക്ഷ്മമായും വളരെയധികം ആശങ്കയോടെയും’ നിരീക്ഷിക്കുന്നുണ്ടെന്നും സഎഥിതിഗതികള്‍ വഷളാകാതിരിക്കാന്‍ പരമാവധി സംയമനം പാലിക്കാനും ഇരു സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഇറാന്‍ മധ്യസ്ഥശ്രമം നടത്തുന്നത്.