ന്യൂഡല്‍ഹി | ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം ഇന്ത്യ നിരവധി പാകിസ്ഥാന് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു.
പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതും, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങളും, ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചതിനാലുമാണ് നടപടി സ്വീകരിച്ചത്.
ഡോണ്‍, സമ ടിവി, എ ആര് വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍, ജിയോ ന്യൂസ്, സുനോ ന്യൂസ് തുടങ്ങിയ വാര്‍ത്താ ഏജന്‍സികളുടെ യൂട്യൂബ് ചാനലുകളാണ് നിരോധിച്ചത്. നിരോധിത ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകരായ ഇര്‍ഷാദ് ഭട്ടി, അസ്മ ഷിറാസി, ഉമര്‍ ചീമ, മുനീബ് ഫാറൂഖ് എന്നിവരുടെ ചാനലുകളും ഉള്‍പ്പെടുന്നു. പാകിസ്ഥാന് റഫറന്‍സ്, സമ സ്പോര്‍ട്സ്, ഉസൈര്‍ ക്രിക്കറ്റ്, റാസി നാമ എന്നിവയും നിരോധിച്ചിട്ടുണ്ട്.
‘ദേശീയ സുരക്ഷയോ പൊതു ക്രമസമാധാനമോ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് കാരണം ഈ ഉള്ളടക്കം നിലവില്‍ ഈ രാജ്യത്ത് ലഭ്യമല്ല ” – ഈ ചാനലുകളുടെ യുട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യതാല്‍ ഇത്തരമൊരു അറിയിപ്പാണ് വരുന്നത്.