കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലെ ചൈനയുമായി ബന്ധിപ്പിക്കുന്ന ‘ഫ്രണ്ട്ഷിപ്പ് പാലം’ ഒലിച്ചുപോയതിനെ തുടര്‍ന്ന് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 20 പേരെ കാണാതായി. ഇന്നലെ രാത്രി ചൈനയില്‍ തുടര്‍ച്ചയായി പെയ്ത മഴയിലാണ് നേപ്പാളിലെ ഭോട്ടെകോഷി നദിയില്‍ വെള്ളപ്പൊക്കമുണ്ടായത്.
ധാഡിംഗ്, ചിത്വാന്‍ ജില്ലകളില്‍ നിന്ന് മൈലുകള്‍ അകലെ മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാഠ്മണ്ഡുവില്‍ നിന്ന് 120 കിലോമീറ്റര്‍ വടക്കുകിഴക്കായി റസുവ ജില്ലയിലെ മിതേരി പാലം പുലര്‍ച്ചെ 3:15 ഓടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 20 പേരില്‍ മൂന്നുപേര്‍ സുരക്ഷാ ഉദ്യോഗസ്ഥരും ആറുപേര്‍ ചൈനീസ് പൗരന്മാരുമാണ്.
നാല് ജലവൈദ്യുത പദ്ധതികള്‍ക്ക് വെള്ളപ്പൊക്കം കേടുപാടുകള്‍ വരുത്തി, ഇത് ദേശീയ വൈദ്യുതി ഗ്രിഡിലേക്കുള്ള കുറഞ്ഞത് 211 മെഗാവാട്ട് വൈദ്യുതി വിതരണത്തെ ബാധിച്ചു. വെള്ളപ്പൊക്കത്തില്‍ 23 ചരക്ക് കണ്ടെയ്നറുകള്‍, ആറ് ചരക്ക് ട്രക്കുകള്‍, 35 ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഒഴുകിപ്പോയി.