അബുദബി രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ധര്‍ വെളുത്ത മാര്‍ബിളിള്‍ തൂണുകളില്‍ കൊത്തിയെടുത്ത 402 തൂണുകള്‍. അവയ്‌ക്കൊപ്പം വടക്കന്‍ രാജസ്ഥാനില്‍ നിന്നും അബുദാബിയിലേക്ക് എത്തിച്ച ടണ്‍ കണക്കിനു പിങ്ക് മണല്‍ക്കല്ലുകളും മാര്‍ബിളും ഉപയോഗിച്ചുള്ള നിര്‍മ്മാണം….
700 കോടിയോളം രൂപ ചെലവിട്ടു നിര്‍മ്മിച്ച അബുദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം, ബാപ്‌സ് സ്വമിനാരായണ്‍ മന്ദിറില്‍ ബുധനാഴ്ച മിഴി തുറക്കും. മാര്‍ച്ച് ഒന്നു മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 8000-10,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ട്.
27 ഏക്കറില്‍ പണിതീര്‍ത്തിരിക്കുന്ന ഇന്ത്യ വാസ്തുകലാ സൃഷ്ടിയില്‍ ക്ഷേത്രത്തിന്റെ ഉയരം 108 അടിയാണ്. യു.എ.ഇയുടെ ഏഴു എമിറേറ്റുകളെ പ്രതിനിധീകരിക്കുന്നുവെന്നോണം ഏഴു ഗോപുരങ്ങള്‍. 3000 പേരെ ഉള്‍കൊള്ളുന്ന പ്രാര്‍ത്ഥനാ ഹാള്‍, കമ്യൂണിറ്റി സെന്റര്‍, എക്സിബിഷന്‍ ഹാള്‍ അങ്ങനെ സൗകര്യങ്ങള്‍ ഏറെയാണ്.
2019 ഏപ്രിലിലായിരുന്നു ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം. പരമ്പരാഗത നഗര്‍ ശൈലി വാസ്തുവിദ്യയാണ് ക്ഷേത്ര നിര്‍മ്മാണത്തില്‍ അവലംബിച്ചിരിക്കുന്നത്. 32.92 മീറ്റര്‍ (108 അടി) ഉയരവും 79.86 മീറ്റര്‍ (262 അടി) നീളവും 54.86 മീറ്റര്‍ (180 അടി) വീതിയുമുള്ള ക്ഷേത്രം, ആര്‍എസ്പി ആര്‍ക്കിടെക്സ് പ്ലാനേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ക്യാപിറ്റല്‍ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റും ചേര്‍ന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
രാമായണം, മഹാഭാരതം, ഭാഗവതം, ശിവപുരാണം എന്നിവയില്‍ നിന്നുള്ള കഥകള്‍ വിവരിക്കുന്ന ഏഴ് ആരാധനാലയങ്ങളും ക്ഷേത്രത്തിലുണ്ട്. വെങ്കിടേശ്വരന്‍, സ്വാമിനാരായണന്‍, ജഗന്നാഥന്‍, അയ്യപ്പന്‍ തുടങ്ങിയ പ്രതിഷ്ഠകളാല്‍ ശിഖരങ്ങള്‍ അലങ്കരിച്ചിരിക്കുന്നു. ഭൂമി, ജലം, തീ, വായു, ബഹിരാകാശം എന്നിവയെ ആണ് ‘ഡോം ഓഫ് ഹാര്‍മണി’ പ്രതിനിധീകരിക്കുന്നത്. സമുച്ചയത്തിനുള്ളിലെ പ്രതീകാത്മക വെള്ളച്ചാട്ടം ഗംഗ, യമുന, സരസ്വതി എന്നീ മൂന്ന് പുണ്യനദികളുടെ ഉത്ഭവത്തെ പ്രതിഫലിപ്പിക്കുന്നു.