യുദ്ധമുണ്ടായാല്‍ രക്ഷനേടുന്നതിനുള്ള പരിശീലനവും നിര്‍ദ്ദേശവും പാക്‌സൈന്യം നല്‍കിത്തുടങ്ങിയതില്‍ നിന്ന് ഇന്ത്യന്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നു.
ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന ആശങ്കയില്‍ പാക് അധീന കാശ്മീരിലെ മതപഠനകേന്ദ്രങ്ങള്‍ 10 ദിവസത്തേക്ക് അടച്ചിടാന്‍ പാക്‌സൈന്യത്തിന്റെ നിര്‍ദ്ദേശം. ഇതുപ്രകാരം ഒട്ടുമിക്ക മതപഠനകേന്ദ്രങ്ങളും അടച്ചിട്ടതായി അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് അധീന കശ്മീരില്‍ മതപഠനകേന്ദ്രങ്ങളുടെ മറവിലാണ് ഇന്ത്യാവിരുദ്ധ ഭീകരര്‍ക്ക് ഒളിത്താവളവും പരിശീലനവും നല്‍കപ്പെടുന്നത്.
ഇന്ത്യന്‍ തിരിച്ചടി ഒരുപക്ഷേ, ഈ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാകുമെന്ന വിലയിരുത്തലിലാണ് പാക്കിസ്ഥാന്‍. 2019 -ലെ പുല്‍വാമയില്‍ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനുശേഷം ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാക്കിസ്ഥാന് മറക്കാനാകില്ല. പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങളെല്ലാം തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തവണ എല്ലാ മതപഠനകേന്ദ്രങ്ങളും അടിച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ ലക്ഷ്‌കര്‍ നേതാക്കളെ എല്ലാം പാക്‌സൈന്യം ഒളിത്താവളത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ഇന്ത്യ ലക്ഷ്യമിടുന്ന ഭീകരസംഘടനയുടെ നേതാക്കളെല്ലാം പാക്‌സൈന്യത്തിന്റെ കനത്ത സുരക്ഷയിലാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ തിരിച്ചടി ഉറപ്പാക്കിക്കൊണ്ടുള്ള മുന്‍കരുതലിലേക്ക് പാക്കിസ്ഥാന്‍ കടന്നൂവെന്നാണ് പുറത്തുവരുന്ന വിവരം.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലേക്ക് റോഡുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനും സിവില്‍ ഡിഫന്‍സ് അധികാരികള്‍ക്കും അതീവ ജാഗ്രത പാലിക്കാന്‍ പാകിസ്ഥാന്‍ ഭരണത്തിലുള്ള കശ്മീര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി.
പാകിസ്ഥാന്‍ അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദില്‍, 1 ബില്യണ്‍ പാകിസ്ഥാന്‍ രൂപയുടെ (3.5 മില്യണ്‍ ഡോളര്‍) അടിയന്തര ഫണ്ട് തയ്യാറാക്കിയിട്ടുണ്ടെന്നും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലേക്ക് രണ്ട് മാസത്തേക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ആരോഗ്യ സാമഗ്രികള്‍ എന്നിവ കയറ്റി അയച്ചു. ദുരിതാശ്വാസ സംഘവും ജീവനക്കാരും, പ്രഥമശുശ്രൂഷ നല്‍കുന്നവരും ഉള്‍പ്പെടെ സജ്ജമാക്കാന്‍ തുടങ്ങിയെന്ന് പാകിസ്ഥാന്‍ റെഡ് ക്രസന്റിന്റെ കശ്മീര്‍ ബ്രാഞ്ച് മേധാവി ഗുല്‍സാര്‍ ഫാത്തിമ പറയുന്നു.
യുദ്ധമുണ്ടായാല്‍ രക്ഷനേടുന്നതിനുള്ള പരിശീലനവും നിര്‍ദ്ദേശവും പാക്‌സൈന്യം നല്‍കിത്തുടങ്ങിയതില്‍ നിന്ന് ഇന്ത്യന്‍ തിരിച്ചടി ഉടനുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നു. ഇന്ത്യന്‍ സൈനിക നടപടി ഉണ്ടായാല്‍, നിയന്ത്രണ രേഖയ്ക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്ന് വലിയ തോതിലുള്ള കുടിയേറ്റം പ്രതീക്ഷിക്കുന്നതായും കുറഞ്ഞത് 500 കുടുംബങ്ങള്‍ക്കെങ്കിലും ടെന്റുകള്‍, ശുചിത്വ കിറ്റുകള്‍, പാചക ഉപകരണങ്ങള്‍ എന്നിവയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
2019 ഫെബ്രുവരി 14- നായിരുന്നൂ പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. കൃത്യം 12 -ാം ദിനം ഫെബ്രുവരി 26 ന് പാക്ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 22 നായിരുന്നു പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരാക്രമണം നടന്നത്. ഇന്ന് മാര്‍ച്ച് 3 -ന് 12 -ാം ദിനമാണ്. ഇന്ത്യന്‍ തിരിച്ചടി എന്താകുമെന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് ലോകം.