ന്യൂഡല്‍ഹി | മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെതിരെ (AL) നടപടികള്‍ ശക്തമാക്കിയതോടെ ബംഗ്ലാദേശില്‍ ഒരു രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അവാമി ലീഗിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതിനു പിന്നാലെ
പ്രസിദ്ധീകരണങ്ങള്‍, മാധ്യമ പ്രചാരണങ്ങള്‍, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ സാന്നിധ്യം, ഘോഷയാത്രകള്‍, മീറ്റിംഗുകള്‍, ഒത്തുചേരലുകള്‍, സമ്മേളനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം പ്രവര്‍ത്തനങ്ങളെയും നിരോധിച്ചതോടെയാണ് മുഹമ്മദ് യൂനുസ് സര്‍ക്കാരിനെതിരേ പ്രതിഷേധം കനക്കുന്നത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരം നടപ്പിലാക്കിയ നിരോധനം, പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കുമെതിരായ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ICT) വിചാരണ പൂര്‍ത്തിയാക്കുന്നതുവരെ പ്രാബല്യത്തില്‍ തുടരും.
പാക്കിസ്ഥാനെ അനുകൂലിക്കുന്ന മുഹമ്മദ് യൂനുസ് ബംഗ്ലാദേശിനുള്ളില്‍ ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്തുന്നതിനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെതിരെ നടപടി കടുപ്പിക്കുന്നത്. അവാമി ലീഗ് പാര്‍ട്ടിയുടെ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമപരമായ തടസ്സങ്ങള്‍ നീക്കുകയും ചെയ്തു. റാലികളിലോ ഘോഷയാത്രകളിലോ രഹസ്യ മീറ്റിംഗുകളിലോ ഉള്‍പ്പെടുന്ന ആരെയും കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് ഇപ്പോള്‍ അധികാരമുണ്ട്.
നിരോധനത്തെത്തുടര്‍ന്ന്, ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവാമി ലീഗിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. നിരോധനം നീക്കി പാര്‍ട്ടി രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിക്കുന്നതുവരെ ഭാവിയിലെ ഏതെങ്കിലും തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ അവാമി ലീഗിന് കഴിയില്ല. പ്രസിഡന്റ് ഷഹാബുദ്ദീനെ പുറത്താക്കി തന്നെയോ അല്ലെങ്കില്‍ ഒരു കടുത്ത ഇസ്ലാമിസ്റ്റ് വ്യക്തിയെയോ പ്രസിഡന്റ് സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നതാണ് യൂനുസിന്റെ അടുത്ത ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ ഈ നീക്കത്തെ എതിര്‍ക്കുന്നതായാണ് സൂചനാള്‍.
ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍, ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഇടക്കാല നിയമ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍, ഏപ്രില്‍ 23 ന് ധാക്കയിലെ നിയമ മന്ത്രാലയ ഓഫീസില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ചരിത്രമുള്ള അറിയപ്പെടുന്ന ജിഹാദിസ്റ്റ് ഹരുണ്‍ ഇസ്ഹാറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പഹല്‍ഗാമില്‍ 26 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ബംഗ്ലാദേശ് ആര്‍മി ഇന്റലിജന്‍സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇത് ഇടക്കാല ഭരണകൂടവും തീവ്ര ഇസ്‌ളാമിസ്റ്റ് ഭീകരവാദികളും ഒന്നിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.