കാലിഫോര്‍ണിയ | അമേരിക്കയിലെ സാന്‍ ഡീഗോ തീരത്ത് ഇന്നു പുലര്‍ച്ചെയുണ്ടായ ബോട്ടപകടത്തില്‍ ഇന്ത്യന്‍ വംശജരായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴുപേരെ കാണാതായി. ടോറി പൈന്‍സ് സ്റ്റേറ്റ് ബീച്ചിന് സമീപം നടന്ന അപകടത്തില്‍ കുറഞ്ഞത് മൂന്നുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കാണാതായ ഇന്ത്യന്‍ കുട്ടികളുടെ മാതാപിതാക്കള്‍ ലാ ജോല്ലയിലെ സ്‌ക്രിപ്സ് മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു.
”രണ്ട് ഇന്ത്യന്‍ കുട്ടികളെ കാണാനില്ലെങ്കിലും മാതാപിതാക്കള്‍ ചികിത്സയിലാണ്. പ്രാദേശിക അധികാരികളുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നു ,” – എക്സിലെ ഒരു പോസ്റ്റില്‍ കോണ്‍സുലേറ്റ് പറയുന്നു.
യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ കണക്കനുസരിച്ച്, നാല് പേര്‍ക്ക് പരിക്കേറ്റു, ഏഴുപേരെ കാണാതായി. പ്രദേശത്ത് ഹെലികോപ്റ്ററുകളും ബോട്ടുകളും വിന്യസിച്ചിരിക്കുന്ന തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാവിലെ 6:30 ഓടെയാണ് അപകടത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. സമീപത്ത് കൂടെ കാല്‍നടയായി പോയ ഒരു ഡോക്ടറാണ് അപകടവിവരം അധികൃതരെ അറിയിച്ചത്. അന്വേഷണം തുടരുന്നതിനാല്‍ മരിച്ചവരുടെയും കാണാതായവരുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.