ന്യൂഡല്‍ഹി | പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന പ്രകോപനപരമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ബുധനാഴ്ച ഹോട്ട്ലൈന്‍ സംഭാഷണം നടത്തിയതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
നിയന്ത്രണ രേഖയിലും (എല്‍ഒസി) അന്താരാഷ്ട്ര അതിര്‍ത്തിയിലും ആവര്‍ത്തിച്ചുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കെതിരെ ഇന്ത്യന്‍ അധികൃതര്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി. ഈ പ്രകോപനങ്ങള്‍ക്ക് ഇന്ത്യന്‍ സേന ശക്തമായി മറുപടി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
”നിയന്ത്രണ രേഖയ്ക്ക് (എല്‍ഒസി) കുറുകെ പാകിസ്ഥാന്‍ സൈന്യം നടത്തിയ പ്രകോപനപരമായ വെടിവയ്പ്പിനെതിരെ ഇന്ത്യന്‍ സൈന്യം ഫലപ്രദമായി പ്രതികരിച്ചു.” – ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഏപ്രില്‍ 27-28 രാത്രിയില്‍ ജമ്മു കശ്മീരിലെ കുപ്വാര, പൂഞ്ച് ജില്ലകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ടാണ് പാക്‌വെടിവയ്പ്പുണ്ടായത്. തുത്മാരി ഗാലി, റാംപൂര്‍ സെക്ടറുകളില്‍ കഴിഞ്ഞ രാത്രിയിലും പ്രകോപനം നടത്തി. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കിയെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാ സേന കശ്മീര്‍ താഴ്വരയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെയാണ് പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുന്നത്.
ആക്രമണത്തിന് ഒരു ദിവസത്തിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കാബിനറ്റ് സുരക്ഷാ സമിതി (സിസിഎസ്) യോഗം ചേര്‍ന്നു. ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയയെയും വികസനത്തെയും തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് യോഗം വിലയിരുത്തി.