ടെഹ്റാന് | ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലാഹിയാനും ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇറാന് ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും രാജ്യത്തെ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു.
മൃതദേഹങ്ങള്‍ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ നഗരമായ ടബ്രിസിലേക്ക് കൊണ്ടുപോകുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഇസ്ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ (ഐ.ആര്.സി.എസ്) മേധാവി പിര്‍ ഹൊസൈന്‍ കൊലിവാന്ദ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചതായും അദ്ദേഹം ടെലിവിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ടബ്രിസിലെ രക്തസാക്ഷികളെ അടക്കം ചെയ്ത കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയിലെ പ്രത്യേക സ്ഥലത്തേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്.
ഞായറാഴ്ച ഉച്ചയോടെ ഇരുവരും ഉള്‍പ്പെട്ട സംഘം യാത്ര ചെയ്തിരുന്ന ഹെലികോപ്ടര്‍ കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അപകട സ്ഥലം കണ്ടെത്താനായത്. 14 മണിക്കൂറുകള്‍ക്കുശേഷം ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തി. പൂര്‍ണ്ണമായും കത്തി നശിച്ച ഹെലികോപ്ടറും മൃതദേഹങ്ങളുമാണ് രക്ഷാ സംഘത്തിനു കണ്ടെത്താനായത്. ഇറാന്- അസര്ബൈജാന് സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് തെഹ്റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫയിലെ വനമേഖലയില്‍ ഇടിച്ചിറങ്ങിയത്. ഇറാന്റെ ഭാഗമായ കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയുടെ ഗവര്‍ണരും ഹെലികോപ്ടറില്‍ കൂടെയുണ്ടായിരുന്നു.
പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അപകടത്തില്‍ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ സ്ഥിരീകരിക്കുകയായിരുന്നു. തകര്‍ന്ന ഹെലികോപ്ടര്‍ തകര്‍ന്നുവീണ അപകടത്തില്‍ ആരും ജീവനോടെയില്ലെന്നാണ് സൂചനയെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചത്. ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ഇക്കാര്യം പറയുന്നതായി അനഡോലു വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങള്‍ ഇറാന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന പുറത്തുവിട്ടു.
റഷ്യയുടെയും തുര്‍ക്കിയുടെ സഹായത്തോടെയുള്ള തിരച്ചിലിലാണ് ഹെലികോപ്ടര്‍ അപകടം കണ്ടെത്തിയിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞുള്ള ദുര്‍ഘടമായ മലപ്രദേശത്താണ് ഹെലികോപ്ടര്‍ കണ്ടെത്തിയത്. ഹെലികോപ്ടര്‍ കാണാതായെന്ന് കരുതുന്ന മേഖലയില്‍ താപനില കൂടിയ ഒരു പ്രദേശം തുര്‍ക്കിയ അയച്ച അകിന്‍സി നിരീക്ഷണ ഡ്രോണാണ് കണ്ടെത്തിയത്.
ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്നുള്ള ചൂടാണിതെന്ന നിഗമനത്തിലെത്തിയിരുന്നു തുടര്‍ നടപടികള്‍. തബ്രീസ് നഗരത്തിന് 100 കിലോമീറ്റര്‍ അകലെ തവില്‍ എന്ന പേരിലുള്ള മേഖലയാണിതെന്ന് അധികൃതര്‍ പറഞ്ഞു. ഇറാന്റെ ഭാഗമായ കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയുടെ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, ഹെലികോപ്ടര്‍ പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു.
അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
ദുര്‍ഘടമായ മലമ്പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞുള്ള കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകരമാക്കിയിരുന്നു. തുര്‍ക്കിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍ കാണാതായത്. ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലാഹിയാന്‍, ഇറാന്റെ ഭാഗമായ കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയുടെ ഗവര്‍ണര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
അതേസമയം ഇറാനെ സംബന്ധിച്ചിടത്തോളം നിര്‍ണായക രാഷ്ട്രീയ പോയിന്റില്‍ നില്ക്കവേ ഇറാന് പ്രസിഡന്റിന്റെ മരണം സംഭവിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ പലവിധം തിയറികള്‍ സജീവമാണ്. ഇസ്രയേലെന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍. എന്നാല്‍, ഇറാന് അത്തരം കാര്യങ്ങളൊന്നും സ്ഥിരീകരിക്കുന്നില്ല.