ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്ഥാനും യുദ്ധ സമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇന്ധന, എല്‍പിജി സ്റ്റോക്കുകള്‍ക്കായി പരക്കംപാഞ്ഞ് ജനം. പാക് ഭീകരകേന്ദ്രങ്ങളെ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിജയമായതോടെ ഇന്നലെ മിസൈല്‍ ആക്രമണം നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി കൊടുത്തതോടെയാണ് യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്നത്. സോഷ്യല്‍മീഡിയാകള്‍ വഴിയുള്ള വ്യാജപ്രചരണമാണ് ഇന്ധനംശേഖരിച്ചുവയ്ക്കാനുള്ള തിരക്ക് കൂട്ടിയത്. പഞ്ചാബിലടക്കം പെട്രോള്‍ സ്റ്റേഷനുകളില്‍ നീണ്ട ക്യൂവാണ്.
രാജ്യത്തുടനീളം ഇന്ധന, എല്‍പിജി വിതരണം സ്ഥിരമായി തുടരുമെന്നും പരിഭ്രാന്തരാകേണ്ടെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും വ്യക്തമാക്കി. പൊതുജനങ്ങള്‍ ശാന്തരായിരിക്കാനും അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കാനും കമ്പനി അഭ്യര്‍ത്ഥിച്ചു.
‘ശാന്തത പാലിച്ചും അനാവശ്യ തിരക്ക് ഒഴിവാക്കിയും നിങ്ങളെ മികച്ച രീതിയില്‍ സേവിക്കാന്‍ ഞങ്ങളെ സഹായിക്കുക. ഇത് ഞങ്ങളുടെ വിതരണ ലൈനുകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുകയും എല്ലാവര്‍ക്കും തടസ്സമില്ലാത്ത ഇന്ധന ലഭ്യത ഉറപ്പാക്കുകയും ചെയ്യും’ – എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് സോഷ്യല്‍മീഡിയായില്‍ ഇന്ധനക്ഷാമം വരുമെന്ന പ്രചരണം ഉണ്ടായത്.