തിരുവനന്തപുരം | പ്രതിഫലത്തുകയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് നടന്‍ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്. മാര്‍ച്ച് മാസത്തിനു മുമ്പ് ആദായനികുതി പരിധിയില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന നോട്ടീസാണിതെന്നാണ് വിവരം.
പക്ഷേ, എമ്പുരാന്‍ വിവാദത്തോടെ പൃഥ്വിരാജിനെതിരേയുള്ള ആദായനികുതി പരിശോധന ഇത്തവണ കര്‍ശനമാകുമെന്ന് സൂചനയുണ്ട്. അതിന്റെ ഭാഗമായാണ് മുന്‍പ് അഭിനയിച്ച സിനിമകളുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നത്. ആദായ നികുതി അസ സ്‌മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
കഴിഞ്ഞവര്‍ഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അവസാനനിമിഷം എമ്പുരാന്റെ നിര്‍മ്മാണം ഏറ്റെടുത്ത വ്യവസായി ഗോകുലം ഗോപാലന്റെ ചെന്നൈയിലെ ഓഫീസിലും നീലാങ്കരയിലെ വീട്ടിലും കഴിഞ്ഞ ദവസം ഇഡി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യല്‍ തുടരുമെന്നാണ് വിവരം.