ജമ്മു കശ്മീര്‍ | ജമ്മു കശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പ്രദേശത്ത് 2 മുതല്‍ 3 വരെ തീവ്രവാദികള്‍ ഉണ്ടെന്ന് മനസിലാക്കി എത്തിയ സുരക്ഷാസേന ഇവരെ വളഞ്ഞു. തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ സൈനികനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുപ്വാരയില്‍ നിന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ്, സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. രണ്ടോ മൂന്നോ ഭീകരരുടെ സാന്നിധ്യം ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലാണ് ഭീകരരെ പിടികൂടാനുള്ള ശ്രമം നടക്കുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ഉടന്‍തന്നെ ഭീകരര്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷയ്ക്കായി, പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ തുടരാനും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തിന് സമീപത്തേക്ക് എത്തുന്നത് ഒഴിവാക്കാനും സുരക്ഷാ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.