തിരുവാരൂര്‍ (തമിഴ്‌നാട്) | തമിഴ്നാട്ടിലെ തിരുവാരൂരിലെ തിരുതുറൈപൂണ്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിനുപോയ തിരുവനന്തപുരം സ്വദേശികളായ നാല് മലയാളികള്‍ മരിച്ചു. ഇന്ന് (ഞായര്‍) പുലര്‍ച്ചെയാണ് അപകടം.
തിരുവാരൂര്‍ ജില്ലയിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പന്‍ചേരി പ്രദേശത്ത് ഇന്ന് രാവിലെ നാഗപട്ടണത്തില്‍ നിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസ്സും, തിരുവനന്തപുരത്ത് നിന്നുള്ള ഏഴ് വിനോദസഞ്ചാരികളുടെ സംഘവുമായി വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
വാനില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടത്.
മറ്റ് മൂന്ന് യാത്രക്കാരായ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനില്‍ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് വീരയൂര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.