ന്യൂഡല്‍ഹി | മന്ത്രവാദം ആരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ ഗ്രാമവാസികള്‍ ചുട്ടുകൊന്നു. ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ക്രൂരമായ സംഭവം നടന്നത്. രാത്രിയില്‍ വീട്ടിലെത്തിയ അക്രമികള്‍ വീട്ടമ്മയെ മന്ത്രവാദി എന്നാരോപിച്ച് മര്‍ദ്ദിക്കുകയും മറ്റ് അംഗങ്ങളെ ഉള്‍പ്പെടെ തല്ലിയശേഷം ചുട്ടെരിക്കുകയും ചെയ്തൂവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കുടുംബത്തിലെ സോനു എന്ന യുവാവ് മാത്രമാണ് രക്ഷപ്പെട്ടത്. മന്ത്രവാദിനി എന്ന് വിളിച്ച് ആള്‍ക്കൂട്ടം അമ്മയെയും മറ്റുള്ളവരെയും ആക്രമിച്ചു കൊലപ്പെടുത്തിയെന്ന് സോനു മൊഴി നല്‍കി.
ഞായറാഴ്ച രാത്രി 10 മണിയോടെ 50 ഓളം പേരടങ്ങുന്ന ഒരു സംഘമാണ് അവരുടെ വീട്ടിലേക്ക് ഇരച്ചുകയറിയത്. തന്റെ അമ്മ സീതാ ദേവിക്കെതിരെ മന്ത്രവാദം ആരോപിച്ചു. ‘അവര്‍ എന്റെ അമ്മയെ മുളങ്കമ്പുകൊണ്ട് അടിക്കാന്‍ തുടങ്ങി, അവരെ ഒരു മന്ത്രവാദിനി എന്ന് വിളിച്ചു. തുടര്‍ന്ന് അവര്‍ എന്റെ കുടുംബത്തിലെ മറ്റുള്ളവരെ ആക്രമിക്കുകയും എന്റെ മുന്നില്‍ വെച്ച് എല്ലാവരെയും കൊല്ലുകയും ചെയ്തു” – സോനു പോലീസിനോട് പറഞ്ഞു.
ഇരകളെ ജീവനോടെ ചുട്ടുകൊന്നതായി നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളില്‍ ഒരാളായ നകുല്‍ കുറ്റം സമ്മതിച്ചു. ക്രൂരമായ ആക്രമണത്തിന് ശേഷം അക്രമികള്‍ മൃതദേഹങ്ങളില്‍ ഡീസല്‍ ഒഴിച്ച് തീകൊളുത്തിയതായി സമ്മതിച്ചു. സോനു എങ്ങനെയോ രക്ഷപ്പെട്ട് മുത്തശ്ശിയുടെ വീട്ടിലേക്ക് ഓടി. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു
സോനുവിന്റെ മൊഴി പ്രകാരം, അക്രമികള്‍ വീട്ടില്‍ നിന്ന് 150–200 മീറ്റര്‍ അകലെ മൃതദേഹങ്ങള്‍ കൊണ്ടുപോയി. ”അവര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് ഞാന്‍ കണ്ടു, പക്ഷേ അതിനുശേഷം അവര്‍ എവിടെയാണ് കൊണ്ടുപോയതെന്ന് എനിക്കറിയില്ല.” സോനു പറഞ്ഞു.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സൂപ്രണ്ട് സ്വാതി സെഹ്റാവത് സ്ഥലത്തെത്തി. മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രതികള്‍ ഇരകളുടെ അതേ കുടുംബത്തില്‍ നിന്നുള്ളവരാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തില്‍ സഹായിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് സംഘങ്ങള്‍, ഒരു ഡോഗ് സ്‌ക്വാഡ് എന്നിവരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.