തിരുവനന്തപുരം | ഇനി എല്ലാ ഒന്നാം തീയതിയും മദ്യം കിട്ടാന്‍ അവസരമൊരുക്കി സര്‍ക്കാര്‍. പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ ത്രീ സ്റ്റാറിനു മുകളിലുള്ള എല്ലാ ബാറുകളിലും മദ്യം ലഭിക്കും. അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍, വിവാഹച്ചടങ്ങുകള്‍ എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഒന്നാം തീയതി ഇളവ്. ചടങ്ങുകള്‍ മുന്‍കൂട്ടി കാണിച്ച് എക്‌സൈസ് കമ്മിഷണറുടെ അനുമതി വാങ്ങണം.
വിദേശികളെ കണക്കിലെടുത്തും ടൂറിസത്തിന് പ്രയോജനമാകുമെന്ന വിലയിരുത്തലിലാണ് ഒന്നാം തീയതിയിലെ വിലക്ക് നീങ്ങുന്നത്. അല്‍പം കാശ് കൂടിയാലും കുടിയന്മാര്‍ക്ക് മദ്യലഭ്യതയ്ക്കുള്ള വഴികൂടിയാണ് തുറക്കുന്നത്. ഇനി വിദേശികളെക്കാള്‍ കൂടുതലായി ത്രീസ്റ്റാറിലേക്ക് ഒഴുകുന്നത് മലയാളികളാണോയെന്ന് കണ്ടുതന്നെ അറിയണം.
പഞ്ചനക്ഷത്ര സൗകര്യമുള്ള ബോട്ടുകളിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കിയതോടെ ഒഴുകുന്ന ബാറുകളും സജ്ജമാകുമെന്ന് ചുരുക്കം. ഇത്തരത്തിലുള്ള ബോട്ടുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനും തീരുമാനമായി.